ഇടുക്കി: വയോധികരായ മാതാപിതാക്കളെ മര്‍ദിച്ച് വീട്ടില്‍ നിന്നിറക്കി വിട്ടു. ഉടുമ്പന്‍ ചോല ചെമ്മണ്ണാര്‍ സ്വദേശികളായ കല്ലടയില്‍ ദേവസ്യാച്ചന്‍ ഭാര്യ ലിസി എന്നിവര്‍ക്കാണ് മകന്‍ ജോണ്‍സന്‍റെ മര്‍ദനമേറ്റത്. മാതാപിതാക്കളുടെ പേരിലുളള വീടും സ്ഥലവും തന്‍റെ പേരില്‍ എഴുതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇരുവരെയും മര്‍ദിച്ചത്.
തുടര്‍ന്ന് ഇരുവരുടെ ജീവന്‍ രക്ഷ മരുന്നുകളുള്‍പ്പെടെ വീടിനുള്ളിലെ മുഴുവന്‍ ഉപകരണങ്ങളും നശിപ്പിക്കുകയും മാതാപിതാക്കളെ വീട്ടില്‍ നിന്നിറക്കി വിടുകയുമായിരുന്നു. വീട്ടില്‍ നിന്നിറക്കി വിട്ട ഇരുവരും മുരിക്കാശ്ശേരിയിലെ മകളുടെ വീട്ടില്‍ അഭയം തേടി. മകന്‍റെ മര്‍ദനത്തെ തുടര്‍ന്ന് മാതാവ് ലിസി കിടപ്പിലായെന്നും നിരവധി തവണ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ദേവസ്യാച്ചന്‍ പറഞ്ഞു.