ഇടുക്കി:വർഷങ്ങൾ പിന്നിടുമ്പോഴും പൂർത്തിയാകാതെ ലക്ഷങ്ങൾ മുടക്കിയ ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിലെ കുടിവെള്ള പദ്ധതി. മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.
ലക്ഷങ്ങളുടെ പദ്ധതി പ്രഖ്യാപിച്ചിട്ടും കോളനിയുടെ വിവിധ ഭാഗങ്ങളിലായി കുടിവെള്ള ടാങ്കുകൾ നിർമിച്ചിട്ടും ആനയിറങ്കൽ ജലാശയത്തിലെ വെള്ളം കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി വീട്ടാവശ്യത്തിന് എത്തിക്കുകയാണ് കോളനി നിവാസികൾ. കാട്ടാന ശല്യവും രൂക്ഷമായതിനാല്‍ പലപ്പോഴും തലച്ചുമടായി വെള്ളമെത്തിക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്.
ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 2003ൽ സംസ്ഥാന സർക്കാർ കുടിയിരുത്തിയതാണ് മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെ. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കുടിവെള്ളമടക്കമുള്ള സൗകര്യമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. കുടിവെള്ളത്തിനായി കോളനിയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ടാങ്കുകളും ആനയിറങ്കല്‍ ജലാശയത്തിനോട് ചേര്‍ന്ന് കുളവും നിര്‍മിച്ചിട്ടുണ്ടെങ്കിലും കുളത്തില്‍ നിന്നും ടാങ്കിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനും ടാങ്കില്‍ നിന്നും ജലവിതരണം നടത്തുന്നതിനും ഒരുവിധ നടപടിയുമില്ല.