കേരളം

kerala

ETV Bharat / state

പോളിയോയ്ക്ക് തളർത്താൻ കഴിയാത്ത മനസുമായി രാജൻ

പോളിയോയ്ക്ക് തളർത്താൻ കഴിയാത്ത മനസ്സുമായി രാജൻ. ചിരട്ടയിലും, വേരിലും അത്‌ഭുതങ്ങൾ തീർത്ത് ഭിന്നശേഷിക്കാരൻ കൊവിഡ്‌കാലം അവസരമായി മാറ്റുകയാണ് രാജൻ. പരിമിതികളിലും വിരിയുന്ന വിസ്‌മയകാഴ്‌ചകളാണ് രാജൻ സമ്മാനിക്കുന്നത്.

covid  lockdown  different abled man  art work  പോളിയോ  രാജൻ
പോളിയോയ്ക്ക് തളർത്താൻ കഴിയാത്ത മനസുമായി രാജൻ

By

Published : Apr 16, 2020, 12:17 PM IST

Updated : Apr 16, 2020, 4:27 PM IST

ഇടുക്കി: ഈ കൊവിഡ്‌കാലം രാജൻ എന്ന നാൽപ്പത്തിനാലുകാരൻ തന്‍റെ മനസിൽ ഉറഞ്ഞുകിടന്നിരുന്ന കലാഭിരുചികൾ പുറത്തെടുക്കുവാനുള്ള അവസരമായി മാറ്റുകയാണ്. ഇടുക്കി ശാന്തൻപാറയിലെ ഭിന്നശേഷിക്കാരനായ ഈ കലാകാരൻ ഉപയോഗ ശൂന്യമെന്ന് മറ്റുള്ളവർ കരുതുന്ന ചിരട്ടയിലും, വേരിലും, തെരുവക്കണയിലും, തടിക്കഷണങ്ങളിലുമൊക്കെയായി തനിമ തുളുമ്പുന്ന ഒട്ടനവധി ശിൽപങ്ങളാണ് ഇദ്ദേഹം നിർമിക്കുന്നത്.

ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകൾ തളർന്നെങ്കിലും രാജന്‍റെ മനസ്സിനെ ഒരിക്കലും തളർച്ച ബാധിച്ചിട്ടില്ല. സംഗീതത്തിലും, ശിൽപ്പകലയിലുമുള്ള താൽപര്യം എന്നും മനസിൽ ഉണ്ടായിരുന്നെങ്കിലും ജീവിത പ്രാരാബ്‌ധങ്ങൾ മൂലം ഈ രംഗത്ത് ഏറെ മുന്നേറാനായില്ല. സ്വന്തമായി അധ്വാനിച്ച് അന്നം കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി 20 വർഷം മുൻപ് ശാന്തൻപാറ ടൗണിൽ പെട്ടികടയിട്ട് ചെറിയൊരു കച്ചവടം തുടങ്ങി. എന്നാൽ കിട്ടുന്ന സമയങ്ങളിലെല്ലാം പ്രദേശിക കലാകാരന്മാർക്കൊപ്പം പാട്ടുപാടുന്നതിന് പോകുകയും, ശിൽപങ്ങൾ നിർമിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.

പോളിയോയ്ക്ക് തളർത്താൻ കഴിയാത്ത മനസുമായി രാജൻ

തെരുവക്കണകൊണ്ട് വീടുകളും, തടിക്കഷണങ്ങളിൽ ഡിനോസറുകളെയും, മുതലയെയും, ഉറുമ്പിനെയുമെല്ലാം ഉണ്ടാക്കുമായിരുന്നെങ്കിലും ചിരട്ടകൾകൊണ്ട് വിസ്‌മയങ്ങൾ മെനഞ്ഞെടുക്കുന്നതിലായിരുന്നു കൂടുതൽ താൽപര്യം. മഹാഭാരതത്തിലെ ഗീതോപദേശ മുഹൂർത്തം ഒരു മാസത്തിലേറെ സമയമെടുത്താണ് ചിരട്ടകൾകൊണ്ട് ശിൽപരൂപത്തിലാക്കിയത്. തേർതട്ടിൽ ഇരിക്കുന്ന പാർത്ഥനും, സാരഥി കൃഷ്‌ണനും, ഇവരുമായി തേരുവലിച്ചുകൊണ്ട് കുതിച്ചുപായുന്ന കുതിരയുമെല്ലാം തികഞ്ഞ ശിൽപചാതിരിയോടെയാണ് രാജന്‍റെ കൈകൾകൊണ്ട് പിറവിയെടുത്തിരിക്കുന്നത്. അമ്മയും, സഹോദരങ്ങളും, സുഹൃത്തുക്കളുമാണ് ശിൽപനിർമാണത്തിൽ ഇദ്ദേഹത്തിന്‍റെ സഹായവും പ്രോൽസാഹനവും.

'എല്ലാവരിലും കഴിവുകളുണ്ട് മടിച്ചിരിക്കുകയോ പരിമിതികളിൽ സങ്കടപ്പെടുകയോ ചെയ്യാതെ അവസരമുണ്ടാക്കി അവ പുറത്തെടുക്കുകയാണ് വേണ്ടത്.' പോളിയോയ്ക്ക് തളർത്താൻ കഴിയാത്ത മനസേടെ രാജൻ പറയുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുമാസത്തിലേറെയായി പെട്ടിക്കട തുറക്കാതെ വീട്ടിലിരിക്കുകയാണെങ്കിലും രാജനിലെ കലാകാരൻ വിശ്രമിക്കുന്നില്ല കൂടുതൽ മിഴിവോടെ പുതിയ ശിൽപങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണദ്ദേഹം.

Last Updated : Apr 16, 2020, 4:27 PM IST

ABOUT THE AUTHOR

...view details