ഇടുക്കി : കുത്തേറ്റുമരിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ പോസ്‌റ്റ്‌മോര്‍ട്ട നടപടികൾ ഇടുക്കി മെഡിക്കൽ കോളജിൽ പൂർത്തിയായി. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം.
ധീരജിന്‍റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ് ; ഇടുക്കിയില്‍ പൊതുദര്‍ശനം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സിപിഎം ചെറുതോണി ജില്ല കമ്മറ്റി ഓഫിസിൽ എത്തിച്ച് പൊതുദർശനത്തിനുവച്ചു. എംഎം മണി, ജില്ല സെക്രട്ടറി സിവി വർഗീസ്, മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയ നേതാക്കളടക്കം നാടിന്‍റെ നാനാതുറകളിലുള്ളവരും സഹപാഠികളും ധീരജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
also read:ധീരജിന് അന്ത്യവിശ്രമം തളിപ്പറമ്പ് പട്ടപ്പാറയിൽ ; സ്‌മാരകവും ഒരുക്കും
ജില്ല കമ്മറ്റി ഓഫിലെ പൊതുദർശനത്തിനുശേഷം മൃതദേഹം ആംബുലൻസിൽ കോളജിന് മുൻപിൽ ഒരു മിനിറ്റ് പൊതുദർശനത്തിനുവച്ചിരുന്നു. തൊടുപുഴയിൽ പൊതുദർശന ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.
അതേസമയംധീരജിന്‍റെ കൊലപാതകത്തില്‍ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. കൊലപാതകം രാഷ്‌ട്രീയ വിരോധം കാരണമാണെന്ന് എഫ്ഐആറില്‍ പറയുന്നു.