ഇടുക്കി:ഇടുക്കി എഞ്ചിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ തെളിവെടുപ്പിനുശേഷം കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി. കേസിലെ ഒന്നാംപ്രതിയായി പൊലീസ് കരുതുന്ന മണിയാറൻകുടി സ്വദേശി നിഖിൽ പൈലി, വാഴത്തോപ്പ് സ്വദേശി ജെറിൻ ജോജോ എന്നിവരെയാണ് ഇന്ന് (ബുധൻ) ഇടുക്കി പൊലീസ് കട്ടപ്പന കോടതി മുമ്പാകെ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 25ാം തിയതി വരെ റിമാൻഡ് ചെയ്തു.
ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം നടന്ന ഇടുക്കി എഞ്ചിനീയറിങ് കോളജ് പരിസരത്ത് രാവിലെ എട്ടുമണിയോടെ മുഖ്യപ്രതിയായ നിഖിൽ പൈലിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് രാവിലെ ഈ പ്രദേശത്ത് പ്രതിയെ എത്തിച്ച് തെരച്ചിൽ നടത്തിയത്. എന്നാൽ പ്രാഥമികമായി നടത്തിയ തെരച്ചിലിൽ കത്തി കണ്ടെത്താനായില്ല. കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കത്തി എവിടെയോ വലിച്ചെറിഞ്ഞു എന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
READ MORE:ധീരജ് വധം : പ്രതി നിഖിൽ പൈലിയുടെ തെളിവെടുപ്പില്‍ കത്തി കണ്ടെടുക്കാനായില്ല