ഇടുക്കി :സിപിഐയിലേക്കെന്ന അഭ്യൂഹം തള്ളി എസ് രാജേന്ദ്രന്‍. സിപിഐയും ഇത് നിഷേധിച്ച് രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിയിരുന്ന എ.രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം സിപിഐയില്‍ ചേരുമെന്ന പ്രചരണം ശക്തിപ്പെട്ടത്.
5 വർഷം ജില്ല പഞ്ചായത്തംഗവും 15 വർഷം എംഎൽഎയുമായിരുന്ന രാജേന്ദ്രനെ വെട്ടിയാണ് എ.രാജയെ സി.പി.എം ദേവികുളത്ത് ഇറക്കിയത്.
എന്നാല്‍ രാജേന്ദ്രന് സീറ്റ് നൽകാത്തതിൽ സി.പി.ഐയിലെ ചില നേതാക്കള്‍ക്ക് എതിർപ്പുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ രാജേന്ദ്രനെ പാർട്ടിയിലെത്തിക്കാൻ ശ്രമമെന്നാണ് പ്രചരണമുണ്ടായത്.
എസ്.രാജേന്ദ്രൻ സി.പി.ഐയിലേക്കെന്ന പ്രചരണം തള്ളി ഇരുകൂട്ടരും എസ്റ്റേറ്റ് മേഖലയിലെ രാജേന്ദ്രന്‍റെ സ്വീകാര്യത പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം സി.പി.ഐ നേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ രാജേന്ദ്രന്‍റെ സി.പി.ഐയിലേക്കുള്ള വരവിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍റെ പ്രതികരണം.
ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ സി.വി.വർഗീസ്, എം.എൻ.മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ ഒരാഴ്ച മുൻപ് അടിമാലി മേഖലയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നാർ, മറയൂർ മേഖലകളിലും തെളിവുശേഖരണം നടന്നിരുന്നു.
നിലപാട് വ്യക്തമാക്കി രാജേന്ദ്രൻ
സി.പി.ഐയിലേക്ക് ഇല്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായി പാർട്ടി ഏത് നടപടി സ്വീകരിച്ചാലും അത് ഉൾക്കൊള്ളാൻ തയ്യാറാണെന്നും മരണം വരെ മാർക്‌സിസ്റ്റുകാരനായി തുടരുമെന്നും രാജേന്ദ്രൻ അറിയിച്ചു.
മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരു കാലത്തും ചിന്തിക്കില്ലെന്നും അത്തരം വാർത്തകൾ ചിലരുടെ ആഗ്രഹം മാത്രമാണെന്നും രാജേന്ദ്രൻ പറഞ്ഞു.