ഇടുക്കി: ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായ സാഹചര്യത്തില്‍ കേരള കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് പരസ്യമായി രംഗത്ത് എത്തിയതോടെയാണ് കേരള കോൺഗ്രസില്‍ പിളർപ്പിന് വഴിയൊരുങ്ങുന്നത്.
രണ്ടില പിളർപ്പിലേക്ക്: ജോസ് കെ മാണിക്ക് എതിരെ പരസ്യ പ്രതികരണവുമായി പിജെ ജോസഫ് - പി ജെ ജോസഫ്
കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുള്ള അധികാര വടംവലി മൂർച്ഛിക്കുകയാണ്
ജോസ് കെ മാണിപക്ഷം കോൺഗ്രസിനെ പിളർത്താൻ ശ്രമിക്കുകയാണെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. അഭിപ്രായ സമന്വയത്തിന് എതിരു നിൽക്കുന്നത് ജോസ് കെ മാണിയാണ്. പാർട്ടിയിൽ അഭിപ്രായ സമന്വയത്തിനായി താൻ നിലകൊള്ളും. കാര്യങ്ങൾ മനസിലാക്കാന്‍ അവർ തയാറാകുന്നില്ല. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്ന് പാർട്ടി ഭരണഘടനയിൽ ഇല്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിന് ഫലമില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ ചെയർമാൻ വേണം. തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമെ ഇനി യോഗങ്ങൾ വിളിക്കാനാകൂ. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിലും ചെയർമാൻ വേണം. വിവിധ ജില്ലാ കമ്മിറ്റികൾ സമവായം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. സാഹചര്യം സ്പീക്കറെ അറിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനം വിട്ട് നൽകിയിട്ടുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറാകില്ലെന്ന് പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ രണ്ട് പക്ഷവും സമവായശ്രമത്തിനുള്ള എല്ലാ സാധ്യതകളും പൂർണമായും തള്ളികളയുന്ന സാഹചര്യമാണ്.