കേരളം

kerala

ETV Bharat / state

പട്ടയ വിതരണത്തില്‍ ‍റെക്കോഡ് നേട്ടമെന്ന് മുഖ്യമന്ത്രി; നല്‍കിയത് രണ്ട് ലക്ഷം പട്ടയങ്ങള്‍

പട്ടയം നൽകാനുള്ള നടപടികൾ തുടര്‍ന്നും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

പട്ടയ വിതരണം നടത്തി വാര്‍ത്ത  മുഖ്യമന്ത്രിയും പട്ടയവും വാര്‍ത്ത  pattayam distribution news  cm and pattayam news
മുഖ്യമന്ത്രി

By

Published : Feb 16, 2021, 2:47 AM IST

Updated : Feb 16, 2021, 3:38 AM IST

ഇടുക്കി:സർക്കാർ അധികാരത്തിൽ വന്നപ്പോൾ വലിയ മുൻഗണനയാണ് പട്ടയം നൽകുന്നതിൽ കാണിച്ചതെന്നും രണ്ടു ലക്ഷത്തോളം പേർക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയവിതരണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന്‍റേത് സർവകാല റെക്കോർഡാണ്. എന്നാലിതിൽ തൃപ്‌തരല്ലെന്നും തുടർന്നും പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പട്ടയ വിതരണം നടന്നത്.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കാലങ്ങളായി ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടവര്‍ക്കാണ് പട്ടയവിതരണത്തില്‍ മുൻഗണന നൽകിയതെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ 13,320 പേര്‍ പട്ടയം സ്വീകരിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി മന്ത്രി എം എം മണി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ ചേർന്ന് പട്ടയങ്ങൾ നൽകി. ഉടുമ്പഞ്ചോല താലൂക്കിൽ നിന്നും ലക്ഷം വീട് പദ്ധതി പ്രകാരം അനുവദിച്ച പട്ടയം രാജൻ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഇടുക്കിയിൽ ഇതുവരെ 35095 പേർക്കാണ് പട്ടയം നൽകിയത്. 6008 പട്ടയത്തിന്‍റെ നടപടികൾ പൂർത്തിയായി. അതിൽ നിന്നും 3275 പേർക്കാണ് നെടുങ്കണ്ടത്ത് വെച്ച് പട്ടയം നൽകിയത്.

എറണാകുളം കോതമംഗലം താലൂക്ക് തലത്തില്‍ ഒമ്പത് വില്ലേജുകളിലായി 104 പേർക്ക് പട്ടയം വിതരണം ചെയ്‌തു. കോതമംഗലം താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എംഎൽഎ പട്ടയങ്ങൾ വിതരണം ചെയ്‌തു. കൃഷിഭൂമിക്ക് പട്ടയം ലഭിക്കാന്‍ എംഎല്‍എ നിയമസഭയില്‍ ഉള്‍പ്പെടെ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി, റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ ഗോപി, അനു വിജയനാഥ് തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം ജില്ലാ തലത്തില്‍ 1615 പട്ടയങ്ങളാണ് പരിപാടിയുടെ ഭാഗമായി വിതരണം ചെയ്‌തത്. 4.5 വര്‍ഷത്തിനുള്ളില്‍ 26,561 പട്ടയങ്ങളാണ് ജില്ലയില്‍ നല്‍കിയത്. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Last Updated : Feb 16, 2021, 3:38 AM IST

ABOUT THE AUTHOR

...view details