ഇടുക്കി:അക്രമിയുടെ കല്ലു കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള പ്രാർഥനയിലാണ് എല്ലാവരും. കൊവിഡ് കാലത്ത് മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് അജീഷിന് മർദ്ദനമേറ്റത്.
മറയൂർ പൊലിസ് സ്റ്റേഷനിലെ സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത വാക്കുകളോടെ മറുപടി പറയാൻ ശ്രമിക്കുന്ന അജീഷിന്‍റെ വീഡിയോ കോൾ ദൃശ്യം ആരുടെയും കണ്ണു നനയിക്കും.ഇക്കഴിഞ്ഞ ദിവസമാണ് സഹപ്രവർത്തകർ അജീഷുമായി വീഡിയോ കോളിൽ സംസാരിച്ചത്. ഓരോരുത്തരും തന്നെ മനസിലായോ എന്ന് ചോദിക്കുമ്പോൾ അജീഷ് അവ്യക്തതയോടെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യും. ചോദ്യങ്ങൾക്കെല്ലാം അജീഷ് ചിരിയോടെ മറുപടി പറഞ്ഞു.അജീഷിന്‍റെ ഓർമ തിരികെ എത്തിക്കാനുള്ള ശ്രമമായിരുന്നു സഹപ്രവർത്തകർ നടത്തിയത്.