ഇടുക്കി:ജില്ലയിൽ ബാലവേല തടയുന്നതിന് കർശന നടപടിയുമായി ജില്ലാ ഭരണകൂടവും പൊലീസും. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഇടുക്കിയിലെ തോട്ടം മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ച് ജോലി ചെയ്യിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെ തുടർന്നാണ് വ്യാപക പരിശോധനകൾ ആരംഭിച്ചത്.
ചൈൽഡ് ലൈൻ, ആർ.ടി.ഒ, ലേബർ ഡിപ്പാർട്ട്മെന്‍റ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിയ തൊഴിലാളി വാഹനത്തിൽ നിന്നും പ്രായ പൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തിൽ തമിഴ്‌നാട് പൊലീസ് പരിശോധന ആരംഭിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
പരിശോധന കർശനമാക്കി തമിഴ്‌നാട് പൊലീസും
കമ്പം മേട്ടിലും സംയുക്ത പരിശോധന നടത്തി. കമ്പംമെട്ട് വഴിയെത്തിയ തൊഴിലാളി വാഹനത്തിൽ കുട്ടികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 18 വാഹനങ്ങൾ തമിഴ്‌നാട് പൊലീസ് അതിർത്തി കടക്കാൻ അനുവധിക്കാതെ തിരിച്ചയച്ചു. കുട്ടികളുമായിട്ടെത്തിയാൽ അതിർത്തി കടത്തി വിടില്ലെന്ന നിലപാടാണ് തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നത്.
ഇടുക്കി എസ് പിയുടെ നിർദേശപ്രകാരം തോട്ടം മേഖലയിൽ നടത്തിയ പരിശോധനയിൽ രണ്ട് തോട്ടങ്ങളിൽ ബാലവേല കണ്ടെത്തുകയും തോട്ടം ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടിലെ വീടുകളിൽ പെൺകുട്ടികൾ സുരക്ഷിതരല്ലാത്തതിനാലാണ് തങ്ങൾ കുട്ടികളെ ഒപ്പം കൂട്ടുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.