കാറിന് തീ പിടിച്ച ദൃശ്യങ്ങൾ ഇടുക്കി:മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. മാട്ടുപ്പെട്ടി റോഡില്‍ മൂന്നാര്‍ റോസ് ഗാര്‍ഡന് സമീപമാണ് സംഭവം.
മലപ്പുറത്ത് നിന്ന് മൂന്നാർ സന്ദര്‍ശനത്തിനെത്തിയ മൂന്ന് പേർ സഞ്ചരിച്ച കാറിനാണ് ഓട്ടത്തിനിടെ തീ പിടിച്ചത്. കഴിഞ്ഞ ദിവസം മൂന്നാർ റോസ് ഗാർഡന് സമീപം വാഹനം സ്റ്റാർട്ടാകാത്തതിനെ തുടർന്ന് റോഡ് സൈഡിൽ കാര്‍ പാർക്ക് ചെയ്‌തു. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ആളെ കൂട്ടിവന്ന് ഡ്രൈവര്‍ വാഹനം കാണിക്കുകയും ചെയ്‌തു.
പ്രദേശത്തിന്‍റെ തണുപ്പ് കാരണമാണ് വാഹനം സ്റ്റാര്‍ട്ടാകാത്തതെന്ന് എന്നും പിന്നീട് കാര്‍ സ്റ്റാര്‍ട്ടാകുമെന്നുമാണ് വര്‍ക്ക്‌ഷോപ്പുകാരന്‍ പറഞ്ഞത്. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് മൂന്നംഗ സംഘത്തെയും കയറ്റി ഡ്രൈവര്‍ വീണ്ടും വാഹനമെടുത്തത്. കാര്‍ സ്റ്റാര്‍ട്ടാക്കി അല്‍പം മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന് തീപിടിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഡ്രൈവറും യാത്രക്കാരും കാറില്‍ നിന്ന് പുറത്തിറങ്ങി ഓടി മാറി. വാഹനത്തിന്‍റെ സെന്‍റര്‍ ലോക്ക് വീഴാതിരുന്നതാണ് യാത്രക്കാര്‍ക്ക് തുണയായത്. തീ പടര്‍ന്ന് കാര്‍ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.