ഇടുക്കി:അതിർത്തി ഗ്രാമമായ ബോഡിമെട്ടിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഇരുവശങ്ങളില്‍ രണ്ട് നിയമങ്ങളുമായി കേരളവും തമിഴ്‌നാടും. കേരളത്തിൽ ബഫർ സോണുമായി സംസ്ഥാന സർക്കാരും വനംവകുപ്പും മുന്നോട്ട് പോകുമ്പോൾ തമിഴ്‌നാട് സർക്കാരും വനം വകുപ്പും ജനവാസ മേഖലകളുടെ സംരക്ഷണത്തിനാണ് മുൻതൂക്കം നല്‍കുന്നത്. തമിഴ്‌നാട് ഭാഗത്ത് വീടിനും വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി ആവശ്യമില്ല.
കേരളത്തിൽ മതികെട്ടാൻ ചോലയുടെ ചുറ്റും ഒന്നര കിലോമീറ്റർ ഭാഗം ബഫർ സോണായി പ്രഖ്യാപിച്ച് കഴിഞ്ഞ ഡിസംബറിൽ അന്തിമ വിജ്ഞാപനം ഇറങ്ങിയിരുന്നു. എന്നാൽ മതികെട്ടാൻ ചോലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാടിന്‍റെ ഭാഗത്ത് ബഫർ സോൺ ഇല്ല. ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബഫർ സോൺ നിശ്ചയിച്ചത്.
ബഫര്‍ സോണ്‍ 0 കിലോമീറ്റര്‍: ബോഡിനായ്‌ക്കന്നൂർ മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള മേലെ ചൊക്കനാഥപുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബോഡിമെട്ട്. ഇരുനൂറോളം കുടുംബങ്ങളാണ് ഇവിടെ താമസം. ഒരുവശത്ത് മതികെട്ടാൻ ചോലയും മറുവശത്ത് കുരങ്ങിണി സംരക്ഷിത വനമേഖലയുമുള്ള ഇവിടെ ബഫർ സോൺ പൂജ്യം കിലോമീറ്ററാണ്.