ഇടുക്കി: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിർത്തി ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. കമ്പംമെട്ട്, കുമളി, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിലാണ് പരിശോധന കർശനമാക്കിയത്. കമ്പംമേട്ട് ചെക്ക് പോസ്‌റ്റില്‍ 24 മണിക്കൂറും പരിശോധന നടത്താനാണ് തീരുമാനം. തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന വഴിയാണ് കമ്പംമെട്ട്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കമ്പംമേട് വഴി കോഴികള്‍ എത്തുന്നുണ്ട്.
പക്ഷിപ്പനി: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി
കമ്പംമെട്ട്, കുമളി, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിലാണ് പരിശോധന കർശനമാക്കിയത്.
അതേസമയം ചെക്കിങ് ഇല്ലാത്ത സമാന്തരപാതകളായ പതിനെട്ടാം പടി, രാമക്കല്‍മേട്, മാന്‍കൊത്തിമേട്, ചതുരംഗപ്പാറ തുടങ്ങിയ ഇടങ്ങളിലൂടെ തലച്ചുമടായി കോഴികളെ അതിര്‍ത്തി കടത്തുന്ന സംഘവും സജീവമാണ്. ഇവിടങ്ങളിലും പരിശോധന കര്‍ശനമാക്കും. ദിനംപ്രതി ഇരുപത്തയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴിയാണ് കമ്പംമേട് ചെക്ക് പോസ്റ്റ് വഴി സംസ്‌ഥാനത്തേക്ക് എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന സംസ്‌ഥാനങ്ങളില്‍ നിന്നാണ് കോഴികളെ എത്തിക്കുന്നത്. പുറമെ ലൗബേഡ്‌സ് ഉള്‍പ്പെടെയുള്ള വളര്‍ത്ത് പക്ഷികളും ചെക്ക് പോസ്‌റ്റ് കടന്ന് ജില്ലയിലേക്കെത്തുന്നുണ്ട്.