കോഴിക്കോട്: കടുത്ത വേനലിൽ പോലും വറ്റാത്ത ജലസ്രോതസാണ് ബിലാത്തികുളം. ചെങ്കല്ലിൽ തീർത്ത പടവുകൾ പൊട്ടിപൊളിഞ്ഞ് ചെളി നിറഞ്ഞ് കുളം ഉപയോഗശൂന്യമായി കിടക്കുകയാണ്. മതിലുകളും പൊളിഞ്ഞ നിലയിലാണ്. ബിലാത്തിക്കുളം നവീകരിക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഒന്നര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുളത്തിന്‍റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന രീതിയിൽ നവീകരിക്കാൻ ആയിരുന്നു തീരുമാനം.
ബിലാത്തികുളം നവീകരണം കടലാസില്‍ ഒതുങ്ങി - kozhikode
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുളവും പരിസരവും നവീകരിക്കാൻ 72 ലക്ഷം രൂപ മാർച്ചിൽ അനുവദിച്ചിരുന്നു
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുളവും പരിസരവും നവീകരിക്കാൻ 72 ലക്ഷം രൂപ മാർച്ചിൽ അനുവദിച്ചിരുന്നു. മതിലുകൾ പുതുക്കി പണിയാനും ഇരിപ്പിടങ്ങൾ, പുൽത്തകിടിയോട് കൂടിയ ലാൻന്‍റ് സ്കേപ്പ് എന്നിവ നിർമിക്കാനും തീരുമാനമായിരുന്നു. എന്നാൽ ഇതുവരെ പണി തുടങ്ങിയില്ല. പൗരാണികമായ ബിലാത്തികുളം സംരക്ഷിക്കാൻ നാട്ടുകാർ തയ്യാറായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഇന്നേവരെ ഒരു പ്രവർത്തനവും നടത്തിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
കുളത്തിലെ ഉറവകളില്‍ മിക്കതും ചെളി നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. ഇരുപത് വർഷം മുമ്പാണ് കുളത്തിലെ ചെളി നീക്കിയത്. പന്ത്രണ്ട് അടി ആഴമുള്ള കുളത്തിൽ ഇപ്പോൾ അഞ്ചടിയോളം ചെളിയാണ്. കുളത്തില്‍ ചെളി നിറഞ്ഞതിനാല്‍ പ്രദേശവാസികള്‍ കുളം ഉപയോഗിക്കാറില്ല. ഇത്രയും ജലസ്രോതസുള്ള കുളം ഇവിടെ ഉള്ളതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം കുറയാറില്ല. കുളത്തിന്‍റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന രീതിയിൽ ഉടന്‍തന്നെ നവീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.