ഇടുക്കി:ജീവനൊന്ന് പൊലിഞ്ഞിട്ടും വൻ അപകട ഭീഷണി നിലനിൽക്കുന്ന പാലത്തിൽ കൈവരി നിർമിക്കാൻ തയ്യാറാവാതെ അധികൃതർ. കുത്തിറക്കത്തിലുള്ള കൊടുംവളവിൽ സ്ഥിതിചെയ്യുന്ന ഇടുക്കി കൂട്ടാർ പാലത്തിലാണ് കൈവരികൾ ഇല്ലാത്തതു മൂലം ദിനംപ്രതി അപകടങ്ങൾ തുടർക്കഥയാവുന്നത്.
ആറ് കോടി 85 ലക്ഷം രൂപ ചെലവിട്ടാണ് ആമയാർ കൂട്ടാർ റോഡ് രണ്ടു മാസങ്ങൾക്കു മുമ്പ് പൂർത്തീകരിച്ചത്. കല്ലാർപുഴയുടെ കൈവഴികളായ കൊച്ചറയാറിന്‍റെയും അലിയാറിന്‍റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പാലമാണ് കൂട്ടാർ പാലം. മാസങ്ങൾക്ക് മുമ്പ് പണി പൂർത്തീകരിച്ച റോഡിന്‍റെ കരാറുകാരനും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണ് കൈവരി നിർമിക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുന്നത്.