അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലി സംസാരിക്കുന്നു ഇടുക്കി:ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിക്കെതിരെ അതിജീവന പോരാട്ട വേദി. സമിതിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും സമിതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതിവാദികളും മാത്രമാണുള്ളതെന്നും പോരാട്ടവേദി കുറ്റപ്പെടുത്തി.
കൃഷി, റവന്യൂ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമിതിയില്‍ ഇല്ലെന്നും പോരാട്ട വേദി ആരോപിക്കുന്നു. ബഫര്‍സോൺ വിഷയത്തില്‍ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ സമിതിക്കെതിരെ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
2010ല്‍ മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത് ഉന്നതാധികാര സമിതി ചെയര്‍മാന്‍ തോട്ടത്തില്‍ ബി.രാധാകൃഷ്‌ണനാണ്. ഇതേ തുടര്‍ന്നാണ് പിന്നീട് ഏഴ് വില്ലേജുകളില്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയത്. തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍ ചെയര്‍മാനായിട്ടുള്ള സമിതിയില്‍ പരിസ്ഥിതി വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി എന്നിവരാണുള്ളത്.
കൂടാതെ സമിതിക്ക് സാങ്കേതിക സഹായം ചെയ്യാന്‍ സാങ്കേതിക വിദഗ്‌ധരുടെ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. അഡീഷണല്‍ സിസിഎഫ് പ്രമോദ് ജി.കൃഷ്‌ണന്‍, ഭൂമി ശാസ്ത്ര അധ്യാപകന്‍ ഡോ.റിച്ചാര്‍ഡ് സ്‌കറിയ, കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. സന്തോഷ് കുമാര്‍ എ.വി, കില ഡയറക്‌ടര്‍ ജനറല്‍ ഡോ. ജോയ് ഇളമ എന്നിവരാണ് വിദഗ്‌ധ സമിതിയിലുള്ളത്.