ഇടുക്കി: കട്ടപ്പന ഗവൺമെന്‍റ് കോളജിന്‍റെ ഉപേക്ഷിച്ച കെട്ടിടങ്ങളിലും ഏക്കറുകണക്കിന് വിജന പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാക്കുന്നതായി പരാതി. രാത്രികാലങ്ങളിൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. പ്രദേശത്തെ വീടുകളിൽ മോഷണശ്രമങ്ങളും ഏറി വരികയാണ്.
കട്ടപ്പനയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം - antisocial people
കട്ടപ്പന ഗവൺമെന്‍റ് കോളജിന്‍റെ പരിസരപ്രദേശങ്ങളിലാണ് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ പരാതി നൽകിയത്.
ഗവൺമെന്‍റ് കോളേജിന് 22 ഏക്കറിലധികം സ്ഥലമാണുള്ളത്. ഇതിൽ പകുതിയിലതികവും കാടുകയറിക്കിടക്കുകയാണ്. ഇവിടെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമുണ്ട്. ഓഫീസ് സ്റ്റാഫുകളുടെ ക്വാർട്ടേഴ്‌സുകളായിട്ടാണ് നാളുകൾക്ക് മുമ്പ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവ ഒന്നുപോലും തുറന്നു പ്രവർത്തിച്ചിട്ടില്ല. ഈ കെട്ടിടങ്ങളും പൊന്തക്കാടുകളുമാണ് ലഹരി സംഘങ്ങളുടെ പ്രധാന താവളം. സ്‌ത്രീകൾക്കും കുട്ടികൾക്കുമാണ് ഇത്തരം സംഘങ്ങൾ ഭീഷണിയാകുന്നത്. അൻപതോളം വീടുകളാണ് ഈ പ്രദേശത്തിന് ചുറ്റുമുള്ളത്. ഏതാനും മാസങ്ങൾക്ക് മുൻപ് മകന്‍റെ കുഞ്ഞിന് നേരെ രാത്രിയിലുണ്ടായ ദുരനുഭവം വീട്ടമ്മയായ ജാസ്‌മിൻ ഇപ്പോഴും ഭയത്തോടെയാണ് ഓർക്കുന്നത്. പല തവണ കോളജ് അധികൃതർക്ക് പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ല. മയക്കുമരുന്ന് മാഫിയകളുടെ സാന്നിധ്യവും ഈ മേഖലയിലുള്ളതായി പ്രദേശവാസികൾ പറയുന്നു. തങ്ങൾക്ക് സുരക്ഷിതമായി കഴിയുവാൻ അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.