ഇടുക്കി: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കെപിസിസി അംഗം ശ്രമിച്ചതായി ആരോപണം. നാലാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എം.എസ് മഹേശ്വരനാണ് ആരോപണം ഉന്നയിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടം നാലാം വാര്‍ഡില്‍ മൂന്നാം തവണയാണ് എം.എസ് മഹേശ്വരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കെപിസിസി അംഗം ശ്രമിച്ചതായി ആരോപണം - നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്
നാലാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എം.എസ് മഹേശ്വരനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്
പ്രാദേശിക പിന്തുണയും വിജയ സാധ്യതയും കണക്കിലെടുത്തായിരുന്നു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. എന്നാല്‍ കെപിസിസി അംഗമായ ഒരു വ്യക്തി തന്നെ പരാജയപ്പെടുത്താൻ മനപൂര്‍വം ശ്രമിച്ചതായി എം.എസ് മഹേശ്വരന്‍ പറയുന്നു. കെപിസിസി അംഗത്തിന്‍റെ നേതൃത്വത്തില്‍ വിമത സ്ഥാനാര്‍ഥിയെ വാര്‍ഡില്‍ മത്സര രംഗത്ത് എത്തിച്ചു. ഈ സ്ഥാനാര്‍ഥിക്കായി പ്രചരണത്തിന് ചുക്കാന്‍ പിടിച്ചതും കെപിസിസി അംഗമാണ്. പഞ്ചായത്തിലെ മറ്റ് പല വാര്‍ഡുകളിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും ഇതാണ് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും മഹേശ്വരന്‍ പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ തെളിവ് സഹിതം കെപിസിസിക്ക് പരാതി നല്‍കുമെന്നും മഹേശ്വരന്‍ വ്യക്തമാക്കി.