ഇടുക്കി : റോഡിനായി ശയന പ്രദക്ഷിണം നടത്തി പ്രതിഷേധം. തൊടുപുഴ വെള്ളിയാമറ്റം മേത്തൊട്ടി നിവാസികളാണ് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
ആദിവാസി മേഖലയായതിനാൽ വനംവകുപ്പ് റോഡ് നിർമാണത്തിന് തടസം നിൽക്കുന്നുവെന്നാണ് ആരോപണം. വെള്ളിയാമറ്റം പഞ്ചായത്തിലെ ഗോത്രവർഗ സങ്കേതങ്ങളിൽ റോഡ് നിർമാണത്തിനുള്ള അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവര്‍ ശയനപ്രദക്ഷിണവും മുട്ടിലിഴയലും നടത്തിയത്.
പഞ്ചായത്തിലെ ഗോത്രവർഗ പ്രദേശങ്ങളിൽ നിർമാണ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രണ്ടുവർഷമായി വനംവകുപ്പിന്‍റെ എൻ.ഒ.സി ലഭിക്കാത്തതുമൂലം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടും പഞ്ചായത്തിന്‍റെ ടി.എസ്.പി ഫണ്ടുമടക്കം 98 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാകാനുള്ളത്.