കേരളം

kerala

ETV Bharat / state

അടിമാലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണം; ഒരാള്‍ക്ക് പരിക്ക് - കാട്ടുപോത്ത്

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോത്തിനെ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബിനോയി കാല്‍വഴുതി പോത്ത് നിന്നിരുന്നിടത്തേക്ക് വീഴുകയും തുടര്‍ന്ന് പോത്ത് ആക്രമിക്കുകയായിരുന്നു.

wild gaur

By

Published : Jul 31, 2019, 5:45 PM IST

Updated : Jul 31, 2019, 6:26 PM IST

ഇടുക്കി: അടിമാലി മച്ചിപ്ലാവില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടു പോത്തിനെ തിരികെ വനത്തില്‍ കയറ്റി വിടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് മച്ചിപ്ലാവ് പറുക്കുടി സ്വദേശിയായ ബിനോയ്ക്ക് നേരെ പോത്തിന്‍റെ ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോത്തിനെ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബിനോയി കാല്‍വഴുതി പോത്ത് നിന്നിരുന്നിടത്തേക്ക് വീഴുകയും തുടര്‍ന്ന് പോത്ത് ആക്രമിക്കുകയുമായിരുന്നു. കാലിന് പരിക്കേറ്റ ബിനോയിയെ ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.

അടിമാലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്
ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പറുക്കുടി സിറ്റിയില്‍ കാട്ടു പോത്തിറങ്ങിയത്. നാട്ടില്‍ വളര്‍ത്തുന്ന പോത്താണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികള്‍ ആദ്യം സംഭവം ഗൗരവത്തിലെടുത്തില്ല. നേരം പുലര്‍ന്നതോടെ ജനവാസമേഖലയില്‍ ഇറങ്ങിയത് കാട്ടുപോത്താണെന്ന് ആളുകള്‍ തിരിച്ചറിയുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.പ്രദേശവാസികളുടെ നേതൃത്വത്തില്‍ രാവിലെ പോത്തിനെ വനത്തിനുള്ളിലേക്ക് തിരികെ കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും പോത്ത് പ്രകോപിതനായതോടെ നാട്ടുകാര്‍ പിന്തിരിഞ്ഞു. തുടര്‍ന്ന് പോത്ത് ജനവാസ മേഖലയോട് ചേര്‍ന്നുള്ള വിജനമായ സ്ഥലത്ത് തമ്പടിച്ചു.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുരങ്ങാട്ടിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പോത്ത് തന്നെയാണ് മച്ചിപ്ലാവിലും എത്തിയിട്ടുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മയക്കുവെടി വച്ച് പോത്തിനെ തുരത്താനുള്ള സാഹചര്യമല്ലെന്നും ആര്‍ആര്‍ടിയുടെ സഹായത്തോടെ പോത്തിനെ വന്നവഴി തിരികെ വനത്തിനുള്ളിലേക്ക് കയറ്റിവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും കാട്ടുപോത്തിനെ തുരത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ട്.
Last Updated : Jul 31, 2019, 6:26 PM IST

ABOUT THE AUTHOR

...view details