കേരളം

kerala

ETV Bharat / state

അടിമാലിയിൽ ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ - ഇടുക്കി ലോട്ടറി തട്ടിപ്പ്

പ്രതി തന്‍റെ കൈവശമിരുന്ന ടിക്കറ്റിന്‍റെ 4 എന്ന അക്കം ചിരണ്ടി ഒന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

Adimali Lottery fraud  man arrested for tampering with lottery number in Adimali idukki  അടിമാലി ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ  ഇടുക്കി ലോട്ടറി തട്ടിപ്പ്  വണ്ണപ്പുറം ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ്
അടിമാലിയിൽ ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

By

Published : Jan 23, 2022, 3:09 PM IST

ഇടുക്കി: അടിമാലിയിൽ ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് വീട്ടിൽ നിന്നും അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പിനുപയോഗിച്ച ടിക്കറ്റ് വാങ്ങിയ ഏജൻസിയെ കണ്ടെത്തി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിലാക്കിയത്.

ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ മുമ്പും ഉൾപ്പെട്ടിട്ടുള്ളതായി അടിമാലി പൊലീസ് പറഞ്ഞു. ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പ് നടത്താനായി ഇയാൾ വണ്ണപ്പുറത്ത് നിന്നും അടിമാലിയിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പിനിരയായതായി കാണിച്ച് അടിമാലി സ്റ്റേഷനിലും വെള്ളത്തൂവൽ സ്‌റ്റേഷനിലും രണ്ട് വീതം പരാതികൾ ലോട്ടറി വിൽപ്പനക്കാരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നു.

ALSO READ:ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിച്ചതിന് 35 കാരന്‍ പിടിയില്‍

കഴിഞ്ഞ ദിവസമായിരുന്നു ലോട്ടറി ടിക്കറ്റിൻ്റെ നമ്പരിൽ കൃത്രിമം കാട്ടി പണവും പുതിയ ലോട്ടറി ടിക്കറ്റും തട്ടിയെന്ന പരാതിയുമായി അടിമാലിയിലെ ലോട്ടറി വിൽപ്പനക്കാരായ രണ്ട് പേർ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച നറുക്കെടുത്ത കേരള അക്ഷയ ലോട്ടറിയുടെ 3132 എന്ന ടിക്കറ്റിന് 5000 രൂപ അടിച്ചിരുന്നു. പ്രതി തന്‍റെ കൈവശമിരുന്ന 3432 എന്ന ടിക്കറ്റിന്‍റെ 4 എന്ന അക്കം ചിരണ്ടി ഒന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

നമ്പറില്‍ കൃത്രിമം നടത്തിയ ലോട്ടറി ടിക്കറ്റിന്‍റെ കളര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രതി ലോട്ടറി വില്‍പ്പനക്കാരെ സമീപിക്കുകയും സമ്മാനാർഹമായ ലോട്ടറിയാണെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് പണവും പുതിയ ലോട്ടറി ടിക്കറ്റുകളും കൈക്കലാക്കുകയായിരുന്നു. തട്ടിപ്പിനിരയായവര്‍ ടിക്കറ്റ് മൊത്തവ്യാപാരിയെ ഏല്‍പ്പിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഇവർ അടിമാലി പൊലീസില്‍ പരാതി നല്‍കി. ഹെൽമറ്റ് ധാരിയായി ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാളാണ് തട്ടിപ്പിന് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിക്കുക്കുകയും പ്രതിയിലേക്കെത്തുകയുമായിരുന്നു.

ABOUT THE AUTHOR

...view details