ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ ഒമ്പത് പേർക്കും രോഗം ബാധിച്ചു. 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. തങ്കമണി സ്വദേശി (27), കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (23), പത്തനംതിട്ട ഗവി സ്വദേശി (19) എന്നിവരുടെ രോഗ ഉറവിടം വ്യക്‌തമല്ല. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുരിക്കുംതൊട്ടിയിലാണ് ഒരു കുടുംബത്തിലെ ഒമ്പത് പേർ ഉൾപ്പെടെ പത്ത് പേർക്ക് കൊവിഡ് ബാധിച്ചത്.
ഇടുക്കിയിൽ 63 പേർക്ക് കൂടി കൊവിഡ് - ഇടുക്കി കൊവിഡ്
ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് രോഗം ബാധിച്ചു. 50 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
ഈ മാസം ഒമ്പതിന് മുരിക്കുംതൊട്ടിയിലെ ആരാധനാലയത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തിൽ പങ്കെടുത്ത ബന്ധുവായ പുരോഹിതനും പതിനാല് വയസുകാരിക്കും മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. നവവരന്‍റെ ബന്ധുക്കൾക്കും കുരുവിളാസിറ്റി സ്വദേശിയായ ഒരു സുഹൃത്തിനുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. വിവാഹവുമായി ബന്ധപെട്ട് 12 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത 30 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം വന്നതോടെയാണ് പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 95 പേർ നിരീക്ഷണത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങുകൾ നടത്തിയതിനാൽ കൂടുതൽ പേർക്ക് രോഗം പകർന്നിട്ടില്ല എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 13 പേർ കൂടി രോഗമുക്തി നേടി.