ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായി. ഹർജി സമർപ്പിച്ചവരിൽ ഏതാനും പേർക്ക് മാത്രമാണ് വാദമുഖങ്ങള്‍ അവതരിപ്പിക്കാനായത്. ശേഷിക്കുന്നവരുടെ വാദങ്ങള്‍ ഏഴു ദിവസത്തിനകം കോടതിയിൽ എഴുതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
രാവിലെ 10 മണിയോടെ ആരംഭിച്ച വാദം കേള്‍ക്കൽ മൂന്ന് മണിക്കൂർ നീണ്ടു. എൻഎസ്എസിന് വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുളള ബന്ധം വിലയിരുത്തിയാൽ കോടതി വിധിയില്‍ തെറ്റുണ്ടെന്ന് മനസിലാക്കാമെന്ന് അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി. ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ തുടങ്ങിയവരും വാദിച്ചു.
ഉച്ചക്ക് ശേഷമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. ആചാരത്തിന്‍റെ കാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. നേരത്തേതിൽ നിന്നും വ്യത്യസ്ഥമായി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡും സ്വീകരിച്ചത്. ശബരിമലയിൽ യുവതികള്‍ക്ക് പ്രവേശനം നിഷേധിക്കാനാകില്ലെന്ന് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. നിലപാട് മാറ്റത്തെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ കേട്ടത്. 65 പുനഃപരിശോധനാ ഹർജികളാണ് കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്.