നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനങ്ങൾ മാധ്യമങ്ങൾ ഇനി വാർത്തയാക്കരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെ നിയമവിരുദ്ധമായി കണക്കാക്കണം. അവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ടെന്നും കോടതി പറഞ്ഞു.
ഇന്നത്തെ ഹർത്താൽ കാരണം തടസ്സപ്പെട്ട പൊതു സർവ്വീസുകൾ ഉടൻ തന്നെ പുനരാരംഭിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്, കാസർകോഡ് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ എന്നിവർക്കെതിരെ നിയമവിരുദ്ധമായി ഹർത്താലിന് ആഹ്വാനം നൽകിയതിന് കോടതിയലക്ഷ്യ നടപടിയെടുത്തു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിയമവിരുദ്ധ മിന്നൽ ഹർത്താലിനെതിരെ എന്ത് നടപടിയെടുത്തു എന്നതടക്കം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.