വിനോദത്തിനും വിശ്രമത്തിനും ആയി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന കോഴിക്കോട് ബേപ്പൂർ ബീച്ച് നാശത്തിന്‍റെ വക്കിൽ. വെളിച്ച സംവിധാനം, കഫ്റ്റീരിയ ക്രാഫ്റ്റ് എന്നിവയെല്ലാം തകർന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. കോടികൾ മുടക്കി പലതും സ്ഥാപിച്ചെങ്കിലും ഉപയോഗ യോഗ്യമാക്കാൻ ഇടപെടലില്ലാത്തതാണ് ദുരവസ്ഥക്ക് കാരണം
വിനോദസഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണ് കോഴിക്കോട്ടെ ബേപ്പൂർ ബീച്ച്. എന്നാൽ ബീച്ചിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്.
നാലുവർഷത്തോളമായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ കഫ്റ്റീരിയ കെട്ടിടം തകർച്ചയുടെ വക്കിലാണ്. മേൽക്കൂരയുടെ കോണ്‍ക്രീറ്റ് അടർന്നു തുടങ്ങിയിരിക്കുന്നു. ഇരുമ്പു കമ്പികൾ തുരുമ്പെടുത്തു . ഏതു സമയവും കെട്ടിടം നിലം പൊത്തിയേക്കാം
കരകൗശല വസ്തുക്കളുടെ വിൽപ്പന ലക്ഷ്യമിട്ട് ആരംഭിച്ച ക്രാഫ്റ്റ് സ്റ്റോറും നശിച്ച് തുടങ്ങിയിരിക്കുന്നു. ബീച്ചിന് ചുറ്റും സ്ഥാപിച്ച പല അലങ്കാര വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും കത്തുന്നില്ല . ഒരു ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ബയോഗ്യാസ് പ്ലാന്‍റും നോക്കുകുത്തിയാണ്. ഒരു തവണ പോലും ഇതിൽ മാലിന്യം സംസ്ക്കരിച്ചിട്ടില്ല. ഉപ്പു വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ ലക്ഷ്യമിട്ടു ഒരുക്കിയ ഡിസലൈനേഷൻ പ്ലാന്‍റും പൂർണ്ണമായി നശിച്ചു. മൂത്രപ്പുരയുടെ സ്ഥിതിയും ദയനീയമാണ്. ശൗചാലയം കഴുകുന്ന വെള്ളം തുറസ്സായ സ്ഥലത്താണ് തുറന്നുവിടുന്നത്
കോടികൾ മുടക്കി പലതും സ്ഥാപിച്ചു എന്നതല്ലാതെ ഫലപ്രദമായി ഉപയോഗയോഗ്യമാക്കാൻ ഇടപെടൽ ഇല്ലാതിരുന്നതാണ് ദുരവസ്ഥയ്ക്ക് കാരണം. ബീച്ച് നവീകരണത്തിനു ഡിടിപിസി ചുമതലപ്പെടുത്തിയ എഞ്ചിനീയർ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു, എന്നാൽ സാങ്കേതിക പ്രശ്നം ഉടലെടുത്തതോടെ പദ്ധതി വെളിച്ചം കണ്ടില്ല.ബീച്ചിന്‍റെ ദയനീയവസ്ഥക്ക് പരിഹാരം കാണാൻ സർക്കാർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം