എറണാകുളം :യുവതിയുടെ സ്വർണം തട്ടിയെടുത്ത കേസിൽ കാമുകനും സുഹൃത്തും റിമാന്‍ഡിൽ. ആമയുടെ പുറത്ത് സ്വർണം വച്ച് പൂജിച്ചാൽ ഇരട്ടിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതിയായ കാമുകനും സുഹൃത്തും ചേർന്ന് യുവതിയുടെ 23 പവന്‍റെ ആഭരണങ്ങൾ തട്ടിയെടുത്തത്. കൊച്ചിയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് പ്രതികളെ പിടികൂടിയത്.
ഇടുക്കി സ്വദേശി കിച്ചു ബെന്നി (23), രാജസ്ഥാൻ സ്വദേശി വിശാൽ മീണ (28) എന്നിവരെയാണ് കവർച്ച ചെയ്‌ത സ്വർണാഭരണങ്ങളുമായി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആഭരണങ്ങൾ രാജസ്ഥാനിലെത്തിച്ച് സവിശേഷ സിദ്ധിയുള്ള ആമയുടെ മുകളിൽ വച്ച് പൂജിക്കണമെന്ന് യുവതിയെ പ്രതികൾ വിശ്വസിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ കാമുകനായതിനാൽ ഇവരുടെ ആവശ്യപ്രകാരം തന്‍റെ മുഴുവൻ ആഭരണങ്ങളും യുവതി നൽകുകയായിരുന്നു. കിച്ചുവിന്‍റെ സഹായത്തോടെ യുവതിയുടെ കൈയിൽ നിന്ന് സ്വർണം വാങ്ങി രാജസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു വിശാൽ. ഇതിനിടെയാണ് ഷൊർണൂരിൽ നിന്നും പ്രതികളെ പൊലീസ് വലയിലാക്കിയത്. സ്വർണം വിറ്റുകിട്ടിയ പണം ആമയുടെ പുറത്തുവച്ച് ഇരട്ടിയാക്കാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
സംഭവം ഇങ്ങനെ : എറണാകുളത്ത് ജോലി ചെയ്‌തുവരുന്ന യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇരുവരും 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത്. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് യുവതിയുടെ കാമുകനായ കിച്ചു, വിശാല്‍ മീണയ്ക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി ചെയ്‌തുതരുമെന്നും യുവതിയെ വിശ്വസിപ്പിച്ചു. എന്നാല്‍ വിശാല്‍ മീണയ്ക്ക് സ്വര്‍ണം നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് ഇവര്‍ കാമുകനെ ഓര്‍മിപ്പിച്ചിരുന്നു. സൂക്ഷിക്കാമെന്ന് കിച്ചു യുവതിയ്‌ക്ക് ഉറപ്പും നല്‍കി. തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ വച്ച് സ്വര്‍ണവും കൈമാറി.
ഇതിന് ശേഷം മൂവരും ചേര്‍ന്ന് കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ കിച്ചു സിഗരറ്റ് വാങ്ങുന്നതിനായി കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഒപ്പം യുവതിയും ഇറങ്ങി ഇയാള്‍ക്കൊപ്പം കടയിലേക്ക് പോയി. ഈ സമയം വിശാല്‍ മീണ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. എന്നാല്‍ യുവതി ഉടന്‍ തന്നെ നോര്‍ത്ത് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസ്, വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊര്‍ണൂരില്‍ വച്ച് വിശാല്‍ മീണയെ തൊണ്ടി സഹിതം അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ആസൂത്രണത്തിലും ട്വിസ്‌റ്റ് : തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കിച്ചുവിന്‍റെ ഒത്താശയോടെയാണ് സ്വര്‍ണം തട്ടിയതെന്ന് പ്രതി സമ്മതിച്ചത്. ഇതോടെ കേസില്‍ യുവതിയുടെ കാമുകനെയും പൊലീസ് പ്രതിചേര്‍ത്തു. എന്നാല്‍ കിച്ചുവിനെയും കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളയാനായിരുന്നു വിശാലിന്‍റെ പദ്ധതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ എറണാകുളം ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. നോർത്ത് പൊലീസ് എസ്എച്ച്ഒ പ്രതാപചന്ദ്രൻ, സബ് ഇൻസ്‌പെക്‌ടര്‍മാരായ ടി.എസ് രതീഷ്, എൻ.ആഷിഖ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി.വിനീത്, അജിലേഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.