എറണാകുളം:കാക്കനാട് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഹോട്ടലുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മരണപ്പെട്ട രാഹുലിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലുടമയ്‌ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
രണ്ട് ദിവസം മുമ്പ് തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും മരണകാരണം ഭക്ഷ്യവിഷബാധ ആണോയെന്ന് സംശയമുള്ളതിനാൽ കേസെടുത്തിരുന്നില്ല. ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലും മരിച്ച യുവാവിന്‍റെ രക്തപരിശോധന ഫലം ലഭിച്ചതോടെയുമാണ് നരഹത്യാക്കുറ്റം ചുമത്തിയത്. തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ ഹോട്ടലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
മരിച്ച കോട്ടയം സ്വദേശി രാഹുലിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം എന്നിവ ലഭിച്ച ശേഷമായിരിക്കും തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോവുക. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ കൂടി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒക്ടോബർ 18ന് ഷവര്‍മ വാങ്ങി വീട്ടിലെത്തിയ ശേഷം കഴിച്ചവരാണ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സ തേടിയതെന്നാണ് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കാക്കനാട് പരിപ്പയില്‍ വീട്ടില്‍ ശ്യാംജിത് (30), ഭാര്യ അഞ്ജലി (26) എന്നിവർ ഒക്‌ടോബർ 19 ന് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ശ്യാംജിതിന്‍റെ സഹോദരന്‍ ശരത് (26) കോലഞ്ചേരി ഹെല്‍ത്ത് സെന്‍ററില്‍ ഒക്‌ടോബർ 21നും ചികിത്സ തേടിയിട്ടുണ്ട്. കൊല്ലം സ്വദേശികളായ ഐഷ്‌ന അജിത്(34), അഥര്‍വ് അജിത്ത് (8), അഷ്‌മി അജിത്ത് എന്നിവര്‍ ഒക്‌ടോബർ 20ന് പാലാരിവട്ടം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും നഗരസഭ ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.
വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എല്ലാവരും ചികിത്സ തേടിയത്. എന്നാല്‍ ഭക്ഷ്യവിഷബാധയാണ് ചികിത്സ തേടാന്‍ കാരണമെന്ന് നഗരസഭ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ ആശുപത്രികളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കാക്കനാട് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാഹുൽ മാവേലിപുരത്തെ ലേ ഹയാത്ത്
ഹോട്ടലില്‍ നിന്ന് ഒക്ടോബർ 18 നാണ് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ വരുത്തിയ ഷവര്‍മ കഴിച്ചത്. ഇതിന് ശേഷമാണ് രാഹുല്‍ അവശനിലയിൽ ആയതെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. 19 ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം മടങ്ങിയെത്തിയ രാഹുല്‍ വീണ്ടും അവശനിലയിലായതിനെ തുടര്‍ന്ന് 22 ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഹൃദായാഘാതം ഉണ്ടാവുകയും ആരോഗ്യനില അതീവ ഗുരുതരമായി മാറുകയായിരുന്നു.
തുടർന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആയിരുന്നു രാഹുലിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ബുധനാഴ്‌ച (ഒക്‌ടോബർ 25) ഉച്ചയ്‌ക്ക് 2.55 നാണ് രാഹുൽ മരണപ്പെട്ടത്.