ഹൈക്കോടതി ഉത്തരവുമായി കോതമംഗലം നാഗഞ്ചേരി സെന്‍റ് ജോർജ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വൈദികരെ യാക്കോബായ വിഭാഗം തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട സംഘർഷാവസ്ഥക്ക് ശേഷം പള്ളിയിൽ പ്രവേശിക്കാനാകാതെ ഓർത്തഡോക്സ് വൈദികർ പിൻവാങ്ങുകയായിരുന്നു.
കോതമംഗലം പള്ളിത്തർക്കം; ഓർത്തഡോക്സ് വൈദികരെ യാക്കോബായ വിഭാഗം തടഞ്ഞു - ഓർത്തഡോക്സ്
കോടതി വിധി നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം പിന്മാറിയതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്.
ഓർത്തഡോക്സ് വിഭാഗം ഇടവക മെത്രാപ്പോലീത്ത യൂഹാനോൻ മോർ പോളികാർപ്പോസ്, പള്ളി വികാരിയായി നിയോഗിച്ച ഫാ കുര്യാക്കോസ് മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുളള പതിനെട്ടംഗ സംഘമാണ് നാഗഞ്ചേരി സെന്‍റ് ജോർജ് പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ പള്ളിയുടെ പ്രധാന കവാടത്തിൽ വച്ച് തന്നെ യാക്കോബായ വിശ്വാസികള്‍ ഇവരെ തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പെരുമ്പാവൂർ ഡിവൈഎസ്പി ജി വേണുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘവും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിരുന്നു. രണ്ട് മണിക്കൂറോളം പള്ളിക്ക് മുന്നിൽ സംഘർഷാവസ്ഥ നിലനിന്നു. ഒടുവിൽ കോടതി വിധി നടപ്പിലായി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം വൈദികരും സംഘവും പിൻമാറുകയായിരുന്നു.
നിലവിൽ യാക്കോബായയുടെ കീഴിലുളള നാഗഞ്ചേരി സെന്‍റ് ജോർജ് പള്ളി ഇടവകയിൽ എണ്ണൂറോളം യാക്കോബായ കുടുംബങ്ങളുണ്ട്. 15 കുടുംബങ്ങള്‍ മാത്രമാണ് ഓർത്തഡോക്സ് വിഭാഗത്തിലുളളത്. പുറത്ത് നിന്ന് വൈദികർ എത്തിയാൽ പള്ളിയിൽ കയറ്റില്ലെന്നും, ഇടവകയിലുള്ള ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ തടസമില്ലെന്നുമാണ് യാക്കോബായ വിശ്വാസികളുടെ പക്ഷം.1934ലെ ഭരണഘടനയനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളികള്‍ ഭരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.