എറണാകുളം: ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2007 ലെയും 2016 ലെയും സത്യവാങ്മൂലത്തില്‍ സർക്കാർ ഉറച്ചുനിൽക്കുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പ്രസക്തമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങൾക്ക് പോലും കഴിഞ്ഞില്ലെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല യുവതി പ്രവേശം; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ - won't change stand over sabarimala women entry
സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിലെ അപേക്ഷ പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
ശബരിമല യുവതി പ്രവേശന വിഷയം വിശ്വാസവും ആചരവുമായി ബന്ധപ്പെട്ട വിഷയമാണ്. ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ട് അഗാധ ജ്ഞാനമുള്ള പണ്ഡിതന്മാരുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ അപേക്ഷ. ഈ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കൊടുത്ത റിപ്പോർട്ട് മാത്രമാണ് പരിഗണിച്ചത്. ശബരിമലയിൽ യുവതികൾ പ്രവേശിക്കണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയോ താനോ അല്ലെന്നും ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരാണ് അത് തീരുമാനിക്കേണ്ടെതെന്നുമാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക്ക് പറഞ്ഞതും താൻ പറഞ്ഞതും ഒന്നു തന്നെയാണ്. ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.