എറണാകുളം: കൊച്ചിയിലെ സ്ത്രീധന പീഡന കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മിഷൻ. സ്ത്രീധനത്തിന്‍റെ പേരിൽ ജിപ്‌സൻ എന്നയാൾ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാതെ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് വനിത കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് എസ്എച്ച്ഒ ഈ മാസം 29ന് വനിത കമ്മിഷൻ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഷിജി ശിവജി പറഞ്ഞു.
യുവതിക്ക് ശമ്പളം പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം
മർദനത്തിനിരയായ യുവതിയെ കൊച്ചിയിലെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷിജി ശിവജി. കേരളത്തിലാകെ സ്ത്രീധനത്തിനെതിരെ ശക്തമായ ഇടപെടൽ നടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള സ്ത്രീ പീഡനങ്ങൾക്കെതിരായ സർക്കാർ നിലപാട് നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്.
മർദനത്തിനിരയായ യുവതിയിൽ നിന്നും മനസിലാക്കിയത് അവരുടെ ശമ്പളം പോലും ഉപയോഗിക്കാൻ അവർക്ക് സ്വാതന്ത്ര്യമില്ല എന്നാണ്. എ.ടി.എം. കാർഡ് പോലും ഭർത്താവ് തട്ടിയെടുത്തിരുന്നുവെന്നും ഷിജി ശിവജി പറഞ്ഞു.