സ്വർണാഭരണങ്ങൾ കവർന്ന സ്ത്രീ അറസ്റ്റിൽ
പൊലീസ് നടത്തിയ പരിശോധനയിൽ പണയം വെച്ചത് ഒഴികെയുള്ള സ്വർണം കണ്ടെടുത്തു.
എറണാകുളം: കോതമംഗലത്ത് വീട്ടിൽ നിന്നും എട്ടേകാല്‍ പവൻ സ്വർണാഭരണങ്ങൾ കവർന്ന സ്ത്രീ അറസ്റ്റിൽ. നെല്ലിമറ്റം കണ്ണാടിക്കോട് സ്വദേശി ശ്രീദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിക്കോട് സ്വദേശി വിജയന്റെ ഭാര്യ വീടിനോട് ചേർന്ന് നടത്തി വരുന്ന പലഹാര യൂണിറ്റിലെ ജോലിക്കാരിയായിരുന്നു ശ്രീദേവി. വീട്ടുടമ പലഹാര യൂണിറ്റിൽ എത്തുമ്പോഴും പുറത്തുപോകുമ്പോഴും വീടിന്‍റെ താക്കോൽ സൂക്ഷിച്ചിരുന്നത് പലഹാര യൂണിറ്റിൽ ആയിരുന്നു. ഇതറിയാവുന്ന ശ്രീദേവി ഉച്ചഭക്ഷണ സമയത്ത് താക്കോൽ കൈവശപ്പെടുത്തി അലമാരയിൽ നിന്നും ആഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. വീടിന്റെയും അലമാരയുടെയും പൂട്ടുകൾ തകർക്കാതെ സ്വർണ്ണം അപഹരിക്കപ്പെട്ടതിനാലാണ് പൊലീസിന് പ്രതിയെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞതെന്ന് ഊന്നുകൽ എസ്ഐ നിയാസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങളിൽ മൂന്നു പവന്റെ മാല കോതമംഗലത്തെ ഒരു സ്ഥാപനത്തിൽ പണയം വെക്കുകയും ബാക്കിയുള്ളവ വീട്ടിൽ തന്നെ ഒളിപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ പണയം വെച്ചത് ഒഴികെയുള്ള സ്വർണം കണ്ടെടുത്തു.