കൊച്ചി/തൃശൂർ : ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഘത്തിൽ കൊച്ചിയിൽ ആനക്കൊമ്പുമായി പിടിയിലായവരുടെ സംഘത്തിലെ അഖിൽ മോഹനനും ഉൾപ്പെട്ടതായി വനം വകുപ്പ്. ആനയെ ഒരു കൊമ്പ് മുറിച്ചെടുത്ത ശേഷം റബർ തോട്ടത്തിൽ കുഴിച്ചിട്ട സംഘത്തിൽ ആറു പേരുണ്ടായിരുന്നുവെന്നും ഇതിൽ മൂന്ന് പേരെ തനിക്കറിയാമെന്നും അഖിൽ മൊഴി നൽകി. പ്രതി ആനയെ കുഴിച്ചിട്ട റബർ തോട്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പന്നിയെ പിടിക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽ കാട്ടാന കുടുങ്ങി ചരിഞ്ഞതാണെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. ആനയുടെ താടിയെല്ലുകളിലെ പൊട്ടൽ വൈദ്യുതാഘാതം ഏറ്റതിനാലാണെന്നാണ് കണ്ടെത്തൽ. രണ്ടാഴ്‌ച മുമ്പായിരുന്നു എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലു പേർ പിടിയിലായത്. ആനക്കൊമ്പ് വിൽപന നടത്തുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
കോടനാട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരായിരുന്നു പട്ടിമറ്റത്തെ അനീഷിന്‍റെ തറവാട് വീട്ടിൽ നിന്ന് ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടിയത്. അഖിൽ മോഹനൻ, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരായിരുന്നു പിടിയിലായത്. അഖിൽ മോഹനൻ്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ കസ്റ്റഡിയിലായത്.
ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. ഇതേ കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വിൽപനയുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനിടെയാണ് ആൾ താമസമില്ലാത്ത അനീഷിന്‍റെ തറവാട് വീട്ടിൽ ഉദ്യോഗസ്ഥരെത്തി പ്രതികളെ കയ്യോടെ പിടികൂടിയത്.
ആലപ്പുഴ സ്വദേശികളായ അനീഷ് കുമാറും, ശ്യാംലാലും ആനക്കൊമ്പ് വാങ്ങാൻ എത്തിയവരാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു. തുടർന്ന് മുഖ്യപ്രതി അഖിൽ മോഹനനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തു. ഇതിനിടെയാണ് തൃശൂരിലെ ആനക്കൊമ്പ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ആനയെ കുഴിച്ച് മൂടിയ സംഭവത്തിലേക്കും വനം വകുപ്പ് അന്വേഷണമെത്തിയത്.