പെരിയാർവാലി കനാലിൽ മാലിന്യം തള്ളുന്നതായി പരാതി - പരാതിയുമായി നാട്ടുകാർ
നൂറോളം ചാക്കുകളിലായിരുന്ന മാലിന്യമാണ് കനാലിന്‍റെ പല ഭാഗങ്ങളിലായി തള്ളിയത്. ഇതിനെതിരേ നാട്ടുകാർ കലക്‌ടർക്കും കോതമംഗലം പൊലീസിലും പരാതി നൽകി.
എറണാകുളം: പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലിന്‍റെ ചെമ്മീൻ കുത്ത് ഭാഗത്ത് അജ്ഞാതര്‍ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിൽ ടോറസ് വാഹനത്തിൽ എത്തിയാണ് മാലിന്യം തള്ളിയത്. ചെങ്കര മുതൽ മുത്തംകുഴി വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമാണ് രാത്രി മാലിന്യം തള്ളിയത്. നൂറോളം ചാക്കുകളിലായിരുന്ന മാലിന്യമാണ് കനാലിന്‍റെ പല ഭാഗങ്ങളിലായി തള്ളിയത്. ഇതിനെതിരെ നാട്ടുകാർ കലക്‌ടർക്കും കോതമംഗലം പൊലീസിലും പരാതി നൽകി. മാലിന്യം തള്ളിയ പ്രദേശത്തെ സി.സി. ടി.വി. ക്യാമറയിൽ മാലിന്യം കൊണ്ടുവന്ന വാഹനത്തിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അതിനാൽ പ്രതികളെ എളുപ്പത്തിൽ കണ്ടെത്താൻ പൊലീസിന് കഴിയുമെന്നാണ് പ്രതീക്ഷ. കനാലിലും പരിസരത്തും അജൈവ-ജൈവ മാലിന്യങ്ങൾ തള്ളുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.