എറണാകുളം :വ്യത്യസ്‌തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന നടനാണ് ചിയാൻ വിക്രം. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'തങ്കലാൻ'. ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറിൽ ഡയലോഗുകളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട വിക്രത്തിനെ കണ്ട് സിനിമയിലും നടന് ഡയലോഗുകൾ ഉണ്ടാകില്ലേ എന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ (Vikram Manager Replied On Fans Regarding Thangalaan Movie Teaser).
'തങ്കലാനിൽ ചിയാൻ സാറിന് ഡയലോഗ് ഇല്ലേ എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ആശയക്കുഴപ്പം ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുകയാണ്. സിനിമയിൽ തീർച്ചയായും വിക്രം സാറിന് ഡയലോഗുകൾ ഉണ്ട്. സിങ്ക് സൗണ്ട് സാങ്കേതികത ഉപയോഗിച്ച ചിത്രമാണിത്. പ്രോസസിങ് പുരോഗമിക്കുന്നു' എന്നായിരുന്നു സോഷ്യൽ മീഡിയയില്‍ ഉയര്‍ന്ന സംശയത്തിന് വിശദീകരണം നൽകി വിക്രത്തിന്‍റെ മാനേജർ എം സൂര്യനാരായണൻ എക്‌സിൽ പോസ്‌റ്റിട്ടത്.
അതേസമയം പ്രൊമോഷനിടെ ഒരു റിപ്പോർട്ടർ വിക്രത്തോട് സിനിമയിൽ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോൾ 'ടീസറി'ൽ തനിക്ക് ഡയലോഗില്ല എന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞതാണ്. ചരിത്രത്തോടൊപ്പം മിത്ത് ചേർത്ത്, കെജിഎഫ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പാ.രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്താണ് നായിക. മാളവിക മോഹനും പശുപതിയും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അതേസമയം സ്‌റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ് നിർമ്മിക്കുന്ന 'തങ്കലാൻ' 2024 ജനുവരി 26ന് തിയേറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ 'കെ.ജി.എഫി'ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി.വി പ്രകാശ്‌കുമാർ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിഷോർ കുമാറും ചിത്രസംയോജനം ആർ.കെ സെൽവയുമാണ് നിർവഹിക്കുന്നത്.