എറണാകുളം:ബലാത്സംഗ കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്യും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പുതിയ കേസ്. അതേസമയം ബലാത്സംഗ ആരോപണം നിഷേധിച്ച് നടന്‍ വിജയ് ബാബു രംഗത്തെത്തി.
പരാതിക്കാരിക്കെതിരെ മാനനഷ്‌ടത്തിന് കേസ് നല്‍കുമെന്ന് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കുന്ന രേഖകൾ തന്‍റെ കൈവശമുണ്ടെന്നും നടൻ പറഞ്ഞു.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് വിജയ് ബാബു തന്നെ ബലാല്‍സംഗം ചെയ്‌തുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനിയായ യുവതി നൽകിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.