സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും ഭവനമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ. മൂവാറ്റുപുഴ നഗരസഭയിൽ പണി പൂർത്തിയാക്കിയ ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്തവർക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് പദ്ധതി ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍വിവിധ കാരണങ്ങളാൽ ഭവന നിർമ്മാണം ആരംഭിച്ച ശേഷം മുടങ്ങിയിരുന്നു. ഇങ്ങനെ മുടങ്ങിക്കിടന്നിരുന്ന 54000ത്തോളം വീടുകളുടെ പുനർനിർമ്മാണം സർക്കാർ സഹായത്തോടെ പൂർത്തീകരിച്ചു.
രണ്ടാം ഘട്ടത്തിലാണ്സ്വന്തമായി ഭൂമിയുള്ളതും എന്നാൽ വീടില്ലാത്തവരുമായവരുടെ വീട് നിർമ്മാണം നടപ്പാക്കിയത്. സംസ്ഥാനത്ത് ഇതിനോടകം തന്നെ 15000 വീടുകളുടെ നിര്‍മ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിൽ 1000 വീടുകള്‍ എറണാകുളം ജില്ലയിലാണ്. 73000 ത്തോളം വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയിൽ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർക്കായുള്ള ഭവന സമുച്ചയത്തിന്‍റെ നിര്‍മ്മാണംഏപ്രിലില്‍ ആരംഭിക്കും. ഭവനരഹിതരെന്ന് കണ്ടെത്തിയ അഞ്ച് ലക്ഷം പേർക്കും ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്.