എറണാകുളം:ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ട്. 72 ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയെന്ന് വിജിലൻസ് വിഭാഗത്തിന് നാല് അഭിഭാഷകർ മൊഴി നൽകി.
ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം രൂപ ചിലവായി. 15 ലക്ഷം രൂപയാണ് ഫീസ് ആയി സൈബി വാങ്ങിയത്.
അഞ്ച് ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞുവെന്നാണ് മൊഴി. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും, ആഡംബര ജീവിതമാണ് ഇയാൾ നയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കുന്ന വിജിലൻസ്, അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും നിർദേശിക്കുന്നു. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.
അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്നും ഹൈക്കോർട്ട് വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഫുൾ കോർട്ടിന്റെ ശുപാർശയിൽ സൈബി ജോസിനെതിരെ നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് ആരോപണ വിധേയനായ സൈബി ജോസ് കിടങ്ങൂര്‍.