എറണാകുളം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കിയതിന്‍റെ ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമം ലംഘിച്ച് വൈസ് ചാൻസലർമാരെ പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവര്‍ണറുമാണെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീം കോടതി വിധിയുടെയും യുഡിഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്വീകരിച്ച നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് വിസിമാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ വ്യത്യസ്‌ത അഭിപ്രായമില്ല. ഗവര്‍ണര്‍ തന്നെ വിസിമാരെ മാറ്റണമെന്ന നിലപാടും യുഡിഎഫിനില്ല. നിയമവിരുദ്ധമായും ക്രമവിരുദ്ധമായും നടന്ന നടപടിക്രമങ്ങള്‍ സുപ്രീം കോടതി വിധി പ്രകാരം ഇനി നിലനില്‍ക്കില്ല. അതുകൊണ്ട് വിസിമാര്‍ സ്വയം സ്ഥാനം ഒഴിയുകയോ അവരെ ആരെങ്കിലും രാജിവയ്പ്പിക്കുകയോ ചെയ്‌താല്‍ മതിയെന്നും വി ഡി സതീശൻ.
'നിയമനം നടത്തിയത് ഗവർണറും സർക്കാരും ഒന്നിച്ച്':സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ് നിയമത്തെ പോലും വെല്ലുവിളിച്ച് ഈ വൃത്തികേടുകളൊക്കെ കാണിച്ചത്. ഇപ്പോള്‍ രണ്ടായി ഏറ്റുമുട്ടുകയാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്‌പരം കണ്ട് എല്ലാം ഒത്തുതീര്‍ക്കലായിരുന്നു പതിവ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് യുഡിഎഫ് നേരിട്ട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഗവർണറെ കാണുകയും ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്‌തു. നിയമസഭയില്‍ പ്രതിപക്ഷം ബില്ലിനെ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോഴാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ്.
'മുഖ്യമന്ത്രിയും സംഘപരിവാറും തമ്മിൽ അഡ്‌ജസ്റ്റ്‌മെന്‍റ്': മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ടാണ് എല്ലാ വിസിമാരെയും നിയമിച്ചത്. അന്നൊന്നും സംഘപരിവാര്‍ വിരുദ്ധത ഇല്ലായിരുന്നു. ഗവര്‍ണറുടെ സ്റ്റാഫില്‍ അറിയപ്പെടുന്നൊരു സംഘപരിവാറുകാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പിട്ടു കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംഘപരിവാര്‍ വിരുദ്ധത പറയുന്നത്. മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാന്‍ വരേണ്ട.