എറണാകുളം : മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും ചേര്‍ന്ന് സിൽവർ ലൈനിനെതിരായ സമരം ചെയ്യുന്ന ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അധികാരത്തിന്‍റെ ലഹരി തലയ്ക്ക് പിടിച്ചാണ് ഇവർ സംസാരിക്കുന്നത്. സമരത്തെ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ജനങ്ങളുമായി സംസാരിക്കുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. ഇത്രകാലവും ജനങ്ങളുമായി സംസാരിക്കാന്‍ തയാറായിരുന്നില്ല. ഇഷ്‌ടമുള്ള പൗര പ്രമുഖന്‍മാരെ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ അവരോട് സംസാരിക്കാന്‍ പോയപ്പോള്‍ യു.ഡി.എഫ് ആശയവിനിമയം നടത്തിയത് കേരളത്തിലെ ജനങ്ങളുമായാണ്. സില്‍വര്‍ ലൈനിന്‍റെ അപകടത്തെ കുറിച്ചാണ് പ്രതിപക്ഷം ജനത്തെ ബോധ്യപ്പെടുത്തിയത്'.
'സാധാരണക്കാരായ ജനങ്ങളുമായി സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് ബോധ്യമായത്. ആ തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. പക്ഷേ സമരത്തെ മുഴുവന്‍ ആക്ഷേപിക്കുകയാണ്. വര്‍ഗീയത, തീവ്രവാദം എന്നിങ്ങനെ സമരത്തെക്കുറിച്ച് എന്തെല്ലാമാണ് പറയുന്നത്. അടികൊള്ളേണ്ട സമരമാണ് യു.ഡി.എഫ് നടത്തിയതെന്നാണ് സി.പി.എം സെക്രട്ടറി പറഞ്ഞത്'.
ALSO READ'കല്ലിന് ക്ഷാമമില്ല, പിഴുതുമാറ്റിയാലും ഇടും' ; വിമോചന സമരം നടക്കില്ലെന്ന് കോടിയേരി
പദ്ധതിയെ കുറിച്ച് പരസ്‌പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും കെ- റെയില്‍ ഉദ്യോഗസ്ഥരും സംസാരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. ഇ.പി ജയരാജനെയും സജി ചെറിയാനെയും ജനങ്ങളെ അധിക്ഷേപിക്കാന്‍ മുന്‍നിരയില്‍ നിര്‍ത്തുകയാണ്. പിണറായിയുടെ രാജസദസിലെ വിദൂഷകന്‍റെ ജോലി ഇരുവരും നന്നായി ചെയ്യുന്നുണ്ട്.