തിരുവനന്തപുരം : കേരളീയം (Keraleeyam) പരിപാടിയുടെ പേരിൽ സ്വര്‍ണക്കടക്കാരേയും ക്വാറി, ബാര്‍ ഉടമകളേയും ഭീഷണിപ്പെടുത്തിയും കടുത്ത സമ്മര്‍ദം ചെലുത്തിയുമാണ് ജി എസ് ടി ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയതെന്നും സ്‌പോണ്‍സര്‍ഷിപ്പിന്‍റെ മറവില്‍ നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). സംസ്ഥാന സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ശതമാനം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെന്നത് ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത് ക്രിമിനൽ കുറ്റമാണ്.
ജിഎസ്‌ടി അഡീഷണല്‍ കമ്മിഷണര്‍ക്കാണ് (ഇന്‍റലിജന്‍സ്)കേരളീയം പരിപാടിയില്‍ ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചത് ഗുരുതര തെറ്റാണെന്നും സതീശൻ ആരോപിച്ചു. പിണറായി ഭരണത്തില്‍ നടന്നത് കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
ജിഎസ്‌ടി ഇന്‍റലിജന്‍സ് റെയ്‌ഡ് മാസങ്ങളായി സംസ്ഥാനത്തെ നിരവധി ക്വാറികളിലും സ്വര്‍ണ കടകളിലും നടക്കുന്നുണ്ട്. സര്‍ക്കാരിലേക്ക് നികുതി അടപ്പിക്കേണ്ടതിന് പകരം നിയമലംഘകരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാനാണ് ഉദ്യോഗസ്ഥര്‍ക്ക് തിടുക്കം. നികുതി വെട്ടിപ്പുകാര്‍ക്ക് പേടിസ്വപ്‌നമാകേണ്ട ജിഎസ്‌ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പണം പിരിക്കാന്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗവും അപഹാസ്യവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.