കേരളം

kerala

ETV Bharat / state

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാം - പൊലീസ് മേധാവി

ശ്രീജിത്ത് കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ വിചാരണ ചെയ്യാൻ അനുമതിയില്ലാത്തത് കാരണം അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതികളുടെ വിചാരണ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് അനുമതി തേടിയത്.

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ 9 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

By

Published : May 20, 2019, 3:44 PM IST

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ഒൻപത് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പൊലീസ് മേധാവി ലോക് നാഥ് ബഹ്റയുടെ ആവശ്യപ്രകാരം ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. വരാപ്പുഴ എസ്ഐ, സിഐ, എഎസ്‌ഐ, റൂറൽ എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ആറ് പൊലീസുകാർ എന്നിവരെ വിചാരണ ചെയ്യാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

2018 ഏപ്രിൽ ആറിന് പ്രദേശവാസിയായ ഒരാളുടെ ആത്മഹത്യയെ തുടർന്നാണ് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ എറണാകുളം റൂറൽ എസ്പിയുടെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരണമടഞ്ഞത് പൊലീസ് മർദ്ദനം മൂലമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തി. സംഭവം വിവാദമായതോടെ എറണാകുളം റൂറൽ എസ്പിയുടെ ടൈഗർ ഫോഴ്സ് അംഗങ്ങളായ സന്തോഷ് കുമാർ, ജിതിൻ രാജ്, എം എസ് സുമേഷ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പിന്നാലെ വരപ്പുഴ എസ്ഐ ദീപക്, എസ്ഐഐ മാരായ സിഎൻ ജയാനന്ദൻ, സന്തോഷ് ബേബി, സിപിഒ ആർ ശ്രീരാജ്, ഇ ബി സുനിൽ കുമാർ, സിഐ ക്രിസ്പിൻ സാം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ശ്രീജിത്ത് കൊല്ലപ്പെട്ട് വർഷം ഒന്നും പിന്നിട്ടിട്ടും പ്രതികളെ വിചാരണ ചെയ്യാൻ അനുമതിയില്ലാത്തത് കാരണം അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ വിചാരണ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് അനുമതി തേടിയത്.

ABOUT THE AUTHOR

...view details