എറണാകുളം:ഉദയംപേരൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും പെണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഉദയംപേരൂർ സ്വദേശിയായ വിദ്യയെ ഭർത്താവ് പ്രേംകുമാറും പെണ്‍സുഹൃത്ത് സുനിത ബേബിയും ചേർന്ന് കൊലപ്പെടുത്തിയതിന് ശേഷം തിരുനെൽവേലി ഹൈവേയുടെ സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഉദയംപേരൂര്‍ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു കഴിഞ്ഞ സെപ്റ്റംബർ 21നാണ് വിദ്യ കൊല്ലപ്പെടുന്നത്. പെണ്‍സുഹൃത്തിനൊടൊപ്പം ജീവിക്കുന്നതിനായി സിനിമകഥകൾ ആധാരമാക്കി വളരെ ആസൂത്രിതമായാണ് പ്രതികൾ കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 20ന് വിദ്യയുമായി ഭർത്താവ് പ്രേംകുമാര്‍ ആയുർവേദ ചികിത്സയ്‌ക്കെന്ന പേരിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് പ്രേംകുമാറും വിദ്യയും താമസിച്ചിരുന്ന അതേ സ്ഥലത്ത് തന്നെ മുകൾനിലയിൽ പെണ്‍സുഹൃത്തായ സുനിതയും ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ മദ്യം നല്‍കി മയക്കിയ ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെ കിടപ്പുമുറിയില്‍ വെച്ച് പ്രേംകുമാര്‍ ഭാര്യ വിദ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിദ്യയുടെ മരണം സ്ഥിരീകരിച്ചത് നഴ്‌സിങ് സൂപ്രണ്ട് കൂടിയായ സുനിതയാണ്. ശേഷം മൃതദേഹം തിരുനെല്‍വേലിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ഇതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പേരിൽ പ്രേംകുമാർ തന്നെ പൊലീസില്‍ പരാതി നൽകി. പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പ്രതിയിലേക്ക് പൊലീസിനുള്ള വഴി തെളിയുകയായിരുന്നു. ദൃശ്യം സിനിമ മോഡലിൽ ഭാര്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്‌സ്പ്രസിലെ വേയ്‌സ്റ്റ് ബിന്നിൽ ഇട്ട് പൊലീസിനെ കബളിപ്പിക്കാനും പ്രതി ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ റീയൂണിയനില്‍ വെച്ചാണ് പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടുന്നത്. പ്രേംകുമാറും ഭാര്യയും തമ്മിൽ നിരന്തരമായ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി മറ്റൊരു സുഹൃത്തിന്‍റെ കൂടി സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായും തുടർ അന്വേഷണത്തിനായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.