എറണാകുളം :മയക്കുമരുന്നും എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ കൊച്ചിയിൽ പിടിയിൽ. വരാപ്പുഴ പുത്തൻ പുരയ്ക്കൽ പവിൻ ദാസ് (23), കരിങ്ങാം തുരുത്ത് കൊങ്ങോർപ്പിള്ളി രജനി ഭവനിൽ വി അനന്തകൃഷ്‌ണൻ (25) എന്നിവരെയാണ് ഡിസ്ട്രിക്‌ട് ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്‌സും, വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎയും, എയർ പിസ്റ്റളും, തിരകളും, പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂത്തകുന്നം ഭാഗത്ത് നിന്ന് ഇവർ അറസ്റ്റിലാകുന്നത്. തോക്കിൽ നിറയ്ക്കുന്ന 40 തിരകളും, രാസലഹരി പൊടിയ്ക്കാനുപയോഗിക്കുന്ന ബ്ലെയ്‌ഡും, തൂക്കാനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.
മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്നാണ് ഇവർ ലഹരി കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഇൻസ്പെക്‌ടർ വി.സി സൂരജ് എസ്ഐമാരായ എം.എസ് ഷെറി, വി.എം റസാഖ്, എ.എസ്.ഐ റോബർട്ട് ഡിക്‌സൺ, സി.പി.ഒമാരായ ടി.എസ് ശീതൾ, മിറാഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് സൗത്ത് വാഴക്കുളം പോസ്റ്റ് ഓഫിസ് ജങ്‌ഷനിലെ വീട്ടിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ അജ്‌മൽ (23) നെയാണ് തടയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്.