ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ
സമൂഹമാധ്യമങ്ങളിലൂടെ പരിചയമുണ്ടാക്കി ചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയാണ് തട്ടിപ്പ് സംഘത്തിന്‍റെ രീതി. അറസ്റ്റിലായ യുവതിയുടെയും കാമുകന്‍റെയും പിന്നിൽ വലിയ ശൃംഖല തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.
എറണാകുളം: സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് കെണിയൊരുക്കി പണം തട്ടുന്ന യുവതിയും കാമുകനും അറസ്റ്റിൽ. ഒക്കലിലുള്ള പ്രമുഖ അരി വ്യാപാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒക്കൽ സ്വദേശി ബിജുവിന്‍റെ പരാതിയിൽ ചാലക്കുടി സ്വദേശിനി സീമ (32), ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ (31) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾ ബിജുവിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഇയാളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടത്. സീമയോടൊപ്പം എറണാകുളത്ത് താമസിക്കുന്ന മറ്റൊരു യുവതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. കേസിലെ ആസൂത്രക പാലക്കാട് സ്വദേശിനിയായ ഈ യുവതിയെന്നാണ് സീമയുടെ മൊഴി രേഖപ്പെടുത്തുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് വർഷങ്ങളായി ഇത്തരം ബ്ലാക്ക്‌മെയിൽ സംഘങ്ങൾ പെരുകുന്നതായി നേരത്തെ മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് ഇത് ക്യാമറയിൽ ഷൂട്ട് ചെയ്‌ത് ഭീഷണിപ്പെടുത്തലാണ് തട്ടിപ്പ് സംഘത്തിന്‍റെ രീതി. ഇത്തരത്തിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിയിട്ടുളളതായും സൂചനയുണ്ട്. ഇവരുടെ കെണിയിൽ പെരുമ്പാവൂർ സ്വദേശികളും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സിനിമാനടിമാരെയും ഇതിനായി ഉപയോഗിച്ച് വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെരുമ്പാവൂരിൽ നിന്നും പിടികൂടിയവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി. മറ്റ് ബ്ലാക്ക്‌മെയിൽ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് പൊലീസിന്‍റെ നീക്കം. ഇവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കി. ഇതിനിടെ ചില യുവനേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമവുമുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തിൽ കോടികൾ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും.