കൊച്ചിയില്‍ മാലിന്യവുമായെത്തിയ ടോറസ് ലോറികള്‍ എറണാകുളം:കൊച്ചിയിൽ മാലിന്യവുമായെത്തിയ മൂന്ന് ടോറസ് ലോറികൾ പിടിയിൽ. കളമശ്ശേരി എച്ച്എംടി പരിസരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ലോറികൾ പിടികൂടിയത്. കൈപ്പടമുകളില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ ലോറികള്‍ പരിശോധിച്ചപ്പോഴാണ് മാലിന്യം കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ നഗരസഭയെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ഹെൽത്ത് സ്ക്വാഡ് മൂന്ന് ലോറികളും പിടികൂടി ഡമ്പിങ് യാര്‍ഡിലേക്ക് മാറ്റി. ജൈവ, അജൈവ മാലിന്യങ്ങൾ കൂട്ടി കലർത്തിയുള്ള മാലിന്യങ്ങളാണ് ലോറികളില്‍ ഉണ്ടായിരുന്നത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നുള്ള മാലിന്യങ്ങൾ പാലക്കാട് ക്ലീൻ കേരള കമ്പനിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ കൈവശമുണ്ടെന്ന് ഡ്രൈവര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ഇടുക്കിയിൽ നിന്നും പാലക്കാട് പോകേണ്ട മാലിന്യ ലോറികള്‍ കളമശ്ശേരിയില്‍ എന്തിന് വന്നുവെന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. ലോറിയില്‍ നിറച്ച മാലിന്യം കളമശ്ശേരിയിൽ തള്ളുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി മുനിസിപ്പൽ കൗൺസിലർ ജമാൽ മണക്കാടൻ പറഞ്ഞു.
നഗര പരിധിയിൽ മാലിന്യം തള്ളാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നഗരസഭ പൊലീസിൽ പരാതി നൽകും. ഇത്രയധികം മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറണമെങ്കിൽ ലക്ഷങ്ങൾ നഗരസഭ ചെലവഴിക്കേണ്ടിവരും. വണ്ടിപ്പെരിയാറിൽ നിന്നുള്ള മാലിന്യം കളമശ്ശേരിയിൽ എത്തിക്കണമെങ്കിൽ ഇവർക്ക് പ്രാദേശികമായ സഹായം ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കൊച്ചിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടെ ഇത്രയും വലിയ മാലിന്യ ശേഖരം പിടികൂടിയത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
മാലിന്യം നിക്ഷേപം രൂക്ഷം; നിരവധി പേര്‍ക്കെതിരെ കേസ്:പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിലായി 30 കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്‌തത്. റൂറൽ പൊലീസ് ജില്ലയിൽ ആലുവ വെസ്റ്റ്, തടിയിട്ടപറമ്പ്, കുറുപ്പംപടി സ്റ്റേഷനുകളിലും ഓരോ കേസ് വീതം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവർക്കെതിരെ ഇന്ത്യ൯ ശിക്ഷ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആറു സംഭവങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
കടകളുടെ മു൯വശം മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതിന് രജിസ്റ്റർ ചെയ്‌ത കേസുകളാണിവ. ഇത്തരം കേസുകളിൽ കട ഉടമകൾക്ക് നോട്ടിസ് നൽകും. ഹോസ്‌പിറ്റൽ റോഡ് ഇയ്യാട്ടുമുക്കിൽ ജ്യൂസ് കടകൾക്ക് മുന്നിൽ മാലിന്യം കൂട്ടിവച്ചതിന് എറണാകുളം സെ൯ട്രൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തു. പാലാരിവട്ടം സിഗ്നൽ ജങ്‌ഷന് സമീപം ടീ ടൈം എന്ന സ്ഥാപനത്തിന് മുന്നിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ പാലാരിവട്ടം സ്വദേശി ജിനോഷ്, തോപ്പുംപടി വാലുമ്മേൽ ഭാഗത്ത് മാലിന്യം തള്ളിയതിന് രാമേശ്വരം കുപ്പക്കാട്ട് ഹൗസിൽ താമസിക്കുന്ന സിദ്ധാനി ഗുപ്‌ത എന്നിവർക്കെതിരെയും കേസെടുത്തു.
കണ്ടനാട് വട്ടുകുന്നിൽ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ഉദയംപേരൂർ പൊലീസ് കേസെടുത്തു. ചിറ്റേത്തുകര ആംബിയ൯സ് ഫുഡ് കോർട്ടിന് മുന്നിൽ മാലിന്യം തള്ളിയതിന് കളമശ്ശേരി മൂലേപ്പാടം മരങ്ങോട്ടിൽ എംഎം ഷമീറിനെതിരെയും ഇ൯ഫോപാർക്ക് പൊലീസ് കേസെടുത്തു. ചമ്പക്കര ജങ്‌ഷന് സമീപം മീ൯ലോറിയിൽ നിന്നും വെള്ളം ഒഴുക്കി പൊതുസ്ഥലം വൃത്തികേടാക്കിയതിന് കരുവേലിപ്പടിൽ കെഎം അ൯വർ, കോഴിക്കോട് ബൈത്തുൽ ജസീറയിൽ എ൯വി മുഹമ്മദ് ജെർഷാദ് എന്നിവർക്കെതിരെ മരട് പൊലീസ് കേസെടുത്തു.
പുത്ത൯കുരിശ് വില്ലേജിൽ ക്ലബ്ബ് ജങ്‌ഷന് സമീപം ഹരിമറ്റം ടെമ്പിൾ റോഡ്, കരിമുകൾ കാർബൺ കമ്പനിക്ക് സമീപം മേച്ചിറപ്പാട്ട് റോഡ്, ബിപിസിഎൽ കമ്പനി മതിലിന് സമീപം ആംകോസ് കമ്പനിക്ക് എതിർവശം, ബിപിസിഎൽ ഓഫിസിന് സമീപം എന്നിവിടങ്ങളിൽ മാലിന്യം തള്ളിയത് കണ്ടെത്തിയ സംഭവങ്ങളിൽ അമ്പലമേട് പൊലീസ് കേസെടുത്തു. കരിമുകൾ കാർബൺ കമ്പനിക്ക് സമീപം മാലിന്യം കണ്ടെത്തിയ മറ്റൊരു സംഭവത്തിൽ അമ്പലമുകൾ കൊഴുവേലിൽ സുരേഷ് കുമാറിനെതിരെ അമ്പലമേട് പോലീസ് കേസെടുത്തു.
വടുതല പാലത്തിന് സമീപം പാഴ് തുണികളുടെ മാലിന്യം തള്ളിയതിന് വിരുതുനഗർ സ്വദേശി പി മുനീശ്വരന്‍ എന്നയാള്‍ക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. ഏലൂർ ആനവാതിലിന് സമീപം കണ്ടെയ്‌നന്‍ റോഡരികിലും സെന്‍റ് ജോസഫ് പള്ളിക്ക് സമീപം ചേരാനല്ലൂരിലേക്ക് പോകുന്ന റോഡിന് സമീപവും മാലിന്യം തള്ളിയ സംഭവങ്ങളിൽ ഏലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തോപ്പുംപടി ബിഒടി പാലത്തിന് സമീപം മാലിന്യം തള്ളിയതിന് മുണ്ടംവേലി ഡിക്രൂസിങ്ങൽ വീട്ടിൽ ഡിഎൽ വർഗീസിനെതിരെ ഹാർബർ പൊലീസ് കേസെടുത്തു.
വാത്തുരുത്തി പുതിയ റോഡിൽ കൊങ്കൺ പാലത്തിന് സമീപം മാലിന്യം തള്ളിയ സംഭവത്തില്‍ മുണ്ടംവേലി തറേപ്പറമ്പിൽ സജയ് സെബാസ്റ്റ്യ൯, മുണ്ടംവേലി മാവുങ്കൽ എംവി ജോസഫ് എന്നിവരെ ഹാർബർ പൊലീസ് അറസ്റ്റു ചെയ്‌തു. കുണ്ടന്നൂർ-തോപ്പുംപടി റോഡിൽ കണ്ണങ്കാട്ട് ജംഗ്ഷന് സമീപം കക്കൂസ് മാലിന്യം തള്ളിയ കേസിൽ ചേർത്തല മടത്തിച്ചിറയിൽ പിജെ ജോമി, പേപ്പർ മാലിന്യം തള്ളിയതിന് ചേർത്തല ചാത്തുരുത്തിൽ വിവേക് ശ്രീനിവാസ൯ എന്നിവരെ ഹാർബർ പൊലീസ് അറസ്റ്റു ചെയ്‌തു.
മാലിന്യം എത്തിച്ച ഇരുവരുടെയും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. സീ പോർട്ട് എയർപോർട്ട് റോഡിൽ മാലിന്യം തള്ളിയതിന് കാട്ടകാമ്പാൽ കരച്ചിൽകടവ് കോട്ടിലിങ്ങൽ കെആർ ജിനേഷിനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. മട്ടാഞ്ചേരിയിൽ പൊതുസ്ഥലം വൃത്തിഹീനമാക്കിയതിന് ഗുജറാത്തി റോഡിൽ സജീവ൯, അമരാവതി എസ്ജെഡി ലൈ൯ കാർത്തികയിൽ വേണുഗോപാൽ, ചെറളായി കൃഷ്‌ണന്‍ നായർ ലെയ്‌നിൽ സന്ദീപ് എസ് കമ്മത്ത് എന്നിവരെ പ്രതികളാക്കി മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
ചിറ്റേത്തുകരയിൽ ഷാ–വെർമ ഫുഡ് കോർട്ടിന് പിന്നിൽ മാലിന്യം തള്ളിയ സംഭവത്തില്‍ നന്ദിക്കരയിൽ അഭിനേഷ് മോഹന൯, പിസ ഹട്ട് ഫുഡ് കോർട്ടിന് പിന്നിൽ മാലിന്യം തള്ളിയതിന് മണിയൂർ മണിയറച്ചാലിൽ ടി ശ്രീലാൽ, അവിൽ ഫുഡ്കോർട്ടിന് സമീപം മാലിന്യം തള്ളിയതിന് മലപ്പുറം കൂട്ടിലങ്ങാടി മച്ചിങ്ങൽ എം സബാഹ് എന്നിവർക്കെതിരെയും ഇ൯ഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.