എറണാകുളം:മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച് സർക്കാർ ഇറക്കിയ പുതിയ മാർഗ നിർദേശങ്ങൾ രേഖപ്പെടുത്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കിയത്. രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും കാമ്പസിനുള്ളിലേക്ക് പോകാൻ വാർഡന്‍റെയോ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റ് തലവന്‍റെയോ അനുമതി മതിയാകും.
മറ്റ് ആവശ്യങ്ങൾക്ക് 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണം. വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരെ ഹർജി നൽകിയ വിദ്യാർഥിനികൾക്ക് പുതിയ ചിന്താഗതിയുടെ പ്രേരണയുണ്ടെന്ന അഭിനന്ദനവും ഉത്തരവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രേഖപ്പെടുത്തി. രാത്രി ജീവിതം വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുവേണ്ട സജ്ജീകരണമൊരുക്കാൻ സംസ്ഥാനം പ്രാപ്‌തമായിട്ടില്ലെന്നും കോടതി വിലയിരുത്തി.