എറണാകുളം: തൃക്കാക്കരയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്‌ണൻ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച മൂന്ന് പേരുകളിൽ നിന്ന് എ.എൻ. രാധാകൃഷ്‌ണനെ സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന വാക്താവ് ടിപി സിന്ധു മോള്‍, ജില്ല പ്രസിഡന്‍റ് എസ്.ജയകൃഷ്‌ണന്‍ എന്നിവരാണ് എ.എൻ. രാധാകൃഷ്‌ണനെ കൂടാതെ പട്ടികയിലുണ്ടായിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനുൾപ്പെടുന്ന ഔദ്യോഗിക പക്ഷത്തിന് എ.എൻ. രാധാകൃഷ്‌ണനെ സ്ഥാനാർഥിയാക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. ഇതോടെയാണ് ഒറ്റ പേരിൽ എത്താനാകാതെ മൂന്ന് പേരുകൾ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചത്.
എന്നാൽ ഏറെ ജനശ്രദ്ധ ലഭിക്കുന്ന തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാൾ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിരുന്നു. ഇത്തവണ എ.എൻ. രാധാകൃഷ്‌ണനെ രംഗത്തിറക്കി മികച്ച മത്സരം കാഴ്‌ചവയ്ക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.