എറണാകുളം:പിടിച്ചുകൊണ്ട് പോകുന്ന ആനകളെ വനം വകുപ്പ് വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കോടതിയുടെ ധാരണയെന്നും അരിക്കൊമ്പനെ പിടിച്ചുകൊണ്ട് പോവുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നും മുൻ എം പിയും ശാന്തൻപാറ പഞ്ചായത്തിലെ അഭിഭാഷകനുമായ അഡ്വ. ജോയിസ് ജോർജ്. കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന് പകരം കാര്യങ്ങൾ വിശദമായി പഠിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോയിസ് ജോർജ്.
'അരിക്കൊമ്പൻ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നത് യാഥാർഥ്യമാണ്. ആന ആളുകളെ കൊന്നിട്ടുണ്ടെന്ന് വനം വകുപ്പ് പറയുകയുണ്ടായി. 2017 മുതൽ ആന എത്രയോ വീടുകൾ റെയ്‌ഡ് ചെയ്‌തിട്ടുണ്ടെന്നും റേഷൻ കടകൾ റെയ്‌ഡ് നടത്തിയിട്ടുണ്ട് എന്നും ആളുകളുടെ സ്വത്തിനും ജീവനും ആന ഭീഷണിയാണെന്നും കോടതിയിൽ പറഞ്ഞിട്ടുണ്ട്. കോടതിയുടെ ധാരണ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് പോകുന്ന ആനകളെ വനം വകുപ്പ് വളരെ മോശമായാണ് കൈകാര്യം ചെയ്യുന്നു എന്നാണ്. അതുകൊണ്ട് ആനക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ധാരണയിൽ ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്നതാണ് കോടതി നോക്കിയത്', അഡ്വ. ജോയിസ് ജോർജ് പറഞ്ഞു.
ആനയെ പിടിച്ചുകൊണ്ട് പോവുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് വനം വകുപ്പ് കോടതിയിൽ അറിയിച്ചിട്ടുണ്ട് എന്നും റേഡിയോ കോളർ വച്ച് നിരീക്ഷിക്കുക എന്നത് അപ്രായോഗികമാണ് എന്നും ജോയിസ് ജോർജ് അഭിപ്രായപ്പെട്ടു. 'ആനയുടെ സ്വഭാവം വച്ച് ജനവാസ മേഖലയിലേക്ക് എത്തുകയും വീടുകൾ ആക്രമിച്ച് അവിടെ നിന്ന് ഭക്ഷണം എടുത്ത് കഴിക്കാനും സ്വഭാവം ആർജിച്ചിട്ടുള്ള ആനയാണ്. അങ്ങനെയുള്ള ഒരു ആനക്ക് റേഡിയോ കോളർ ഘടിപ്പിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.