കേരളം

kerala

ETV Bharat / state

വത്തിക്കാൻ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സഭ സിനഡ് തയ്യാറാവുന്നില്ലെന്ന് ആരോപണം - Syro-Malabar Church

വിവാദ വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എറണാകുളം- അങ്കമാലി അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും വ്യക്തമാക്കി.

വത്തിക്കാൻ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സീറോ മലബാർ സഭ സിനഡ് തയ്യാറാവുന്നില്ല

By

Published : Aug 27, 2019, 9:27 PM IST

കൊച്ചി: വത്തിക്കാൻ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സിറോ മലബാർ സഭ സിനഡ് തയ്യാറാവുന്നില്ലെന്ന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും ആരോപിച്ചു. വിവാദ വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഇവർ വ്യക്തമാക്കി. സിനഡിനിടെ പാസ്റ്ററൽ കൗൺസിലും വൈദിക സമിതിയും വിളിച്ച് ചേർക്കണമെന്ന വത്തിക്കാൻ നിർദ്ദേശം സിനഡ് പാലിച്ചില്ല. ഇത് ഗൗരവകരമായ സാഹചര്യമാണ് സഭയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചത്. അതിരൂപതയിലെ പ്രശ്നങ്ങളിൽ കർദിനാൾ ആലഞ്ചേരിക്ക് മാത്രമായിരുന്നു ഇതുവരെ ഉത്തരവാദിത്തം. പ്രശ്നങ്ങൾ സിനഡിൽ ചർച്ചയായതിനാൽ പരിഹരിക്കേണ്ട ബാധ്യത സിനഡ് അംഗങ്ങളായ മുഴുവൻ മെത്രാന്മാർക്കുമുണ്ട്. വ്യാജരേഖ കേസിൽ വൈദികരെയും അൽമായരെയും പൊലീസ് വേട്ടയാടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിനഡിന് ഉത്തരവാദിത്തമുണ്ട്. വിവാദ വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഇവർ സിനഡിന് മുന്നറിയിപ്പ് നൽകി.
പരസ്യ പ്രതികരണത്തിന്‍റെ പേരിൽ വൈദികർക്കെതിരെ സിനഡ് നടപടിയെടുക്കുമെന്ന പ്രചാരണം ചിരിച്ച് തള്ളുകയാണന്നും ഏതെങ്കിലും നടപടി അടിച്ചേല്‍പ്പിക്കുന്നതിന് കടലാസിന്‍റെ വില പോലും കല്‍പ്പിക്കുന്നില്ലെന്നും അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാദർ ജോസ് വൈലികോടത്ത് പറഞ്ഞു. ഭൂമി ഇടപാടിൽ എറണാകുളം അങ്കമാലി അതിരൂപതക്കുണ്ടായ 90 കോടിയുടെ നഷ്ടം നികത്താതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. ഭരണപരമായ ചുമതലയുള്ള ബിഷപ്പിനെയോ ആർച്ച് ബിഷപ്പിനെയോ നിയോഗിച്ചാൽ കർദ്ദിനാൾ ആലഞ്ചേരി ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. വ്യാജരേഖ കേസിൽ സിനഡ് നിർദ്ദേശങ്ങൾക്കെതിരായി മൊഴി നൽകിയ ഫാദർ ജോബി മപ്രക്കാവിലിനെതിരെ നടപടി സ്വീകരിക്കണം. നേരത്തെ സിനഡിന് മുമ്പിൽ സമർപ്പിച്ച അഞ്ച് കാര്യങ്ങളിൽ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് മെത്രാന്മാർ ഉറപ്പ് നൽകിയതാണെന്നും അതിരൂപത സംരക്ഷണസമിതിയും അൽമായ മുന്നേറ്റവും ചൂണ്ടിക്കാണിച്ചു.

ABOUT THE AUTHOR

...view details