എറണാകുളം:ഓർത്തഡോക്‌സ്- യാക്കോബായ പള്ളി വിഷയത്തിൽ മറ്റ് ക്രൈസ്‌തവ സഭകളുടെ മേലധ്യക്ഷന്മാർ മുന്നോട്ടുവെച്ച മധ്യസ്ഥ ശ്രമങ്ങൾ തള്ളി ഓർത്തഡോക്‌സ് സഭ. സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് ചർച്ചകളുടെ ആവശ്യമില്ല. മധ്യസ്ഥ ചർച്ചകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് മറ്റ് സഭാ മേലധ്യക്ഷന്മാരുടെ കത്തിന് മറുപടി നൽകുമെന്നും ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ പറഞ്ഞു.
മറ്റ് സഭാ മേലധ്യക്ഷന്മാരുടെ മധ്യസ്ഥത തള്ളി ഓർത്തഡോക്‌സ് സഭ
പള്ളി തർക്ക വിഷയത്തിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ പറഞ്ഞു
പള്ളി തർക്കത്തിൽ ഇനിയും ചർച്ച ചെയ്യുന്നത് സങ്കടകരമായ അവസ്ഥയാണ്. ഓർത്തഡോക്‌സ് സഭ മറ്റ് സഭകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല. രാജ്യത്തിന്‍റെ നിയമം ബാധകമല്ലെന്ന് പറയുന്നത് അപകടകരമായ അവസ്ഥയാണ്. കോതമംഗലം പള്ളി വിഷയത്തിൽ കോടതി വിധി അനുസരിക്കാതെ യാക്കോബായ വിഭാഗം അരാജകത്വം സൃഷ്‌ടിക്കുകയാണെന്നും പള്ളി തർക്ക വിഷയത്തിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണ് ഉള്ളതെന്നും ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന സഹന സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഓർത്തഡോക്‌സ് സഭാ അദ്ധ്യക്ഷൻ പറഞ്ഞു.
പള്ളി തർക്ക വിഷയത്തിൽ സർക്കാർ നിലപാടുകൾക്കെതിരെയും യാക്കോബായ വിഭാഗം നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം എറണാകുളം വഞ്ചി സ്ക്വയറിൽ സഹന സമരം സംഘടിപ്പിച്ചത്. ഓർത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈദികർ, യുവജനപ്രസ്ഥാന അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.